കാസർകോട്: കോൺഗ്രസിന് സാധാരണഗതിയിൽ ടെൻഷനടിക്കാനുള്ള ലോക്‌സഭാ മണ്ഡലമല്ല കാസർകോട്. അവിടെ നിന്നൊരു കോൺഗ്രസുകാരൻ ലോക്‌സഭ കണ്ടിട്ട് മൂന്നര പതിറ്റാണ്ടു കഴിഞ്ഞു. എ.കെ. ഗോപാലനെയും ടി.ഗോവിന്ദനെയും പി.കരുണാകരനെയും പോലുള്ള കമ്യൂണിസ്റ്റ് കരുത്തന്മാർ ഉഴുതുമറിച്ചിട്ട ചുവപ്പൻ മണ്ണ്.
പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവിടെ സി.പി.എം കാര്യമായൊന്നു ഞെട്ടി. 2009-ൽ 64,427 വോട്ട് ഭൂരിപക്ഷം നേടിയ പി.കരുണാകരനെ 6921 വോട്ടിന്റെ വ്യത്യാസത്തിലേക്ക് കോൺഗ്രസിലെ ടി.സിദ്ദിഖ് അവിടെ പിടിച്ചുകെട്ടി. ഒന്ന് ആഞ്ഞുപിടിച്ചിരുന്നെങ്കിൽ സീറ്റ് കോൺഗ്രസിനു പോന്നേനേ എന്നു ചുരുക്കം. ഇക്കുറി അവിടേക്ക് സിദ്ദിഖ് തന്നെ മതിയോ, പുതുമുഖം വേണോ എന്നു ചിന്തിച്ചിരിക്കുമ്പോഴാണ് മുസ്ളിം ലീഗ് മൂന്നാംസീറ്റിന്റെ അവകാശവാദം ഉന്നയിച്ചത്- മലപ്പുറത്തിനും പൊന്നാനിക്കും പുറമേ ഒരു സീറ്റ് കൂടി കിട്ടിയേ തീരൂ. അത് വയനാടോ വടകരയോ കാസർകോടോ വേണം. കോൺഗ്രസിന് ടെൻഷൻ വരാതിരിക്കുമോ?
ലീഗിനെ അനുനയിപ്പിക്കാനുള്ള വഴിയാണിപ്പോൾ കോൺഗ്രസ് തേടുന്നത്. ഒപ്പം, സ്വന്തം സ്ഥാനാർത്ഥി ആരാകണമെന്ന രഹസ്യചർച്ചയും സജീവം. മുസ്ളിം സമുദായക്കാരനാകണം എന്നതിൽ ഏറക്കുറെ ധാരണയായിട്ടുണ്ട്. അപ്പോൾ രണ്ടു മെച്ചമുണ്ട്- ലീഗിനെ ഒന്നു തണുപ്പിക്കാം, കഴിഞ്ഞ തവണ സിദ്ദിഖ് നേടിയ വോട്ടിൽ നല്ലൊരു ഭാഗം ഉറപ്പിക്കുകയും ചെയ്യാം! എങ്കിൽ ആര്?
നാലു പേരുടെ പേരാണിപ്പോൾ ചർച്ചകളിൽ ലൈവ്. എ.ഐ.സി.സി സെക്രട്ടറി ഷാനിമോൾ ഉസ്‌മാൻ, കണ്ണൂരിൽ നിന്നുള്ള എ.പി. അബ്ദുള്ളക്കുട്ടി, ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നിൽ- പിന്നെ, കഴിഞ്ഞ തവണ മിന്നിച്ച ടി.സിദ്ദിഖും. ഇവരിൽ, രാഹുൽഗാന്ധിയുടെ ബ്രിഗേഡിൽ അംഗമായ ഷാനിക്കാണ് മേൽക്കൈ. കഴിഞ്ഞ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ അശോക് ഗെലോട്ടിനു വേണ്ടി പ്രചരണത്തിനു പോയ ഷാനിമോളുടെ മിടുക്ക് രാഹുൽ കണ്ടറിഞ്ഞതാണ്. സി.പി.എമ്മിൽ നിന്നു കോൺഗ്രസിലെത്തി കരുത്തു കാട്ടിയ നേതാവാണ് അബ്‌ദുള്ളക്കുട്ടി. കെ.സുധാകരന് വേണ്ടപ്പെട്ടയാൾ. സുധാകരൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ആയ നിലയ്ക്ക് അബ്ദുള്ളക്കുട്ടിക്ക് കാസകോട് കിട്ടുമെന്ന് സ്വപ്നം കാണാനാണ് പാർട്ടിയിലെ ചിലർക്കിഷ്ടം.നിലവിലെ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ ആകട്ടെ, കാൽ നൂറ്റാണ്ടായി കോൺഗ്രസിന്റെ കടത്തനാടൻ കരുത്താണ്.
കണക്കുകൾ കൂട്ടിക്കിഴിക്കുമ്പോൾ ഷാനിമോൾ കഴിഞ്ഞാൽ, നറുക്കു വീഴാൻ സാധ്യത എ.പി. അബ്‌ദുള്ളക്കുട്ടിക്ക് എന്നതാണ് നില. സാധ്യതക്കാരെല്ലാം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ടുകഴിഞ്ഞു. 20 നു മുമ്പ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കണമെന്നാണ് ഹൈക്കമാൻഡ് കല്‌പന. എന്തായാലും സി.പി.എം ആരെ ഇറക്കുമെന്നറിഞ്ഞിട്ട് ബാക്കി.
കാസർകോട് 2014
സി.പി.എം- പി. കരുണാകരൻ 3,84,964
കോൺഗ്രസ്- ടി. സിദ്ദിഖ് 3,78,043
ബി.ജെ.പി- കെ.സുരേന്ദ്രൻ 1,72,826
പി.കരുണാകരന്റെ ഭൂരിപക്ഷം- 6921