പിടിച്ചെടുത്തത് ഒരു കോടിയുടെ 112 കിലോ കഞ്ചാവ്
കാഞ്ഞങ്ങാട്: ചിറ്റാരിക്കാൽ പൊലീസ് പരിധിയിൽപ്പെട്ട ഭീമനടി പൂങ്ങോട്ട് പിടികുടിയ കഞ്ചാവിന് അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടിയിലേറെ രൂപ വിലവരുമെന്നു് എസ്.പി ഡോ. എസ്. ശ്രീനിവാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേസിൽ അറസ്റ്റിലായി റിമാൻഡിലായ കുന്നുംകൈയിലെ കെ.കെ നൗഫലിനെ (32) കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ്.പി വ്യക്തമാക്കി.

കൂട്ടുപ്രതി ആരെന്നതും കഞ്ചാവ് കടത്താനുപയോഗിച്ച കാറിന്റെ ഉടമ ആരെന്നതും നൗഫലിനെ കൂടുതൽ ചോദ്യം ചെയ്താലെ വ്യക്തമാകൂ. ആന്ധ്ര ഈസ്റ്റ് ഗോദാവരി തോണി ജില്ലയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ വിൽപ്പനക്കുള്ളതായിരുന്നു ഇത്. കാറിന്റെ ഡിക്കിയിൽ പ്ലാസ്റ്റിക് കൂടുകളിലായാണ് 112 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.കെ ജെയ്‌സൺ അബ്രഹാമിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീം കഴിഞ്ഞ ഒരു മാസമായി ഇതിന്റെ പിറകേയായിരുന്നു. കേസിന്റെ തുടരന്വേഷണം കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ ചിറ്റാരിക്കാൽ എസ്.ഐ രഞ്ജിത് രവീന്ദ്രൻ നടത്തുമെന്നും ഡോ.ശ്രീനിവാസ് വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി ക്ക് പുറമെ മറ്റു ഉദ്യോഗസ്ഥരായ ഫിലിപ്പ് നാരായണൻ, ഗോപാലകൃഷ്ണൻ, അബൂബക്കർ, അശോക് കുമാർ എന്നിവരും സംബന്ധിച്ചു.

ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട
കാഞ്ഞങ്ങാട്: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പൊലീസ് അതിർത്തിയിലെ പൂങ്ങോട്ട് പൊലീസ് നടത്തിയത് ഏറ്റവും വലിയ കഞ്ചാവ് വേട്ട. മൗക്കോടു നിന്നും കടുമേനിയിലേക്കുള്ള യാത്രാമധ്യേയാണ് കുന്നുംകൈയിലെ കെ .കെ നൗഫലിന്റെ കാർ പൊലീസ് പരിശോധിച്ചത്. കാറിന്റെ ഡിക്കിയിൽ പ്ലാസ്റ്റിക് പൊതികളാക്കിയായിരുന്നു കഞ്ചാവ് വച്ചിരുന്നത്. നേരത്തെ മഞ്ചേശ്വരത്ത് 80 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. നൗഫൽ കഞ്ചാവിന്റെ മൊത്ത വിതരണക്കാരനാണ്. ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. പ്രവാസിയാണ് നൗഫൽ