കൂത്തുപറമ്പ്: കോടതി വിധിയുടെ പേരിൽ ടൂറിസ്റ്റ് ബസുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നതായി ആക്ഷേപം. ബസുകളിലെ കർട്ടൻ, സൗണ്ട് സിസ്റ്റം, ഫാൻസി ലൈറ്റുകൾ, സ്റ്റിക്കറുകൾ എന്നിവ നീക്കുകയാണ്. ദീർഘദൂര യാത്ര പോകുന്ന ബസുകളിൽ എ.സി. പ്രവർത്തിപ്പിക്കുമ്പോൾ കർട്ടൻ ഒഴിവാക്കാനാകില്ല. തുടർച്ചയായി യാത്ര ചെയ്യുമ്പോൾ സൗണ്ട് സിസ്റ്റം ഇല്ലാത്തത് യാത്രക്കാരെ ബാധിക്കുമെന്നും ഡ്രൈവർമാർ പറയുന്നു. പ്രതിവർഷം രണ്ട് ലക്ഷത്തിലധികം രൂപ നികുതി അടച്ചിട്ടും ദ്രോഹിക്കുന്ന അധികൃതർ ലൈൻ ബസുകളോട് മൃദുസമീപനം സ്വീകരിക്കുന്നു. വിവാഹ ചടങ്ങിന് ഇവ അനധികൃതമായി സർവീസ് നടത്തിയിട്ടും നടപടിയില്ലെന്ന് ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധത്തിൽ ജില്ലാ പ്രസിഡന്റ് എം. സുനിൽ, സെക്രട്ടറി വി.എം. ബിജു, വി. ഷെലിൻ, പി. പ്രവീഷ് തുടങ്ങിയവർ പങ്കെടുത്തു

കൺവെൻഷൻ

ഇരിട്ടി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.ഐ. പേരാവൂർ നിയമസഭ മണ്ഡലം തിരഞ്ഞെടുപ്പ് സബ് കമ്മറ്റി രൂപീകരണ കൺവെൻഷൻ ഇന്ന് വൈകീട്ട് 3ന് ഇരിട്ടി ഫാൽക്കൻ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ബ‌ഡ്ജറ്റ് ഭക്ഷ്യ-രാജ്യ സുരക്ഷയ്ക്ക്

പ്രാധാന്യം നൽകി: രഞ്ജിത്

കണ്ണൂർ: ഭക്ഷ്യ സുരക്ഷയ്ക്കും രാജ്യ സുരക്ഷയ്ക്കും ഒരു പോലെ പ്രാധാന്യം നൽകിയതാണ് കേന്ദ്ര ധനമന്ത്രി പീയുഷ് ഗോയൽ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റെന്ന് ബി.ജെ.പി സംസ്ഥാന സെൽ കോ ഓർഡിനേറ്റർ കെ. രഞ്ജിത് പറഞ്ഞു. ബി.ജെ.പി. കല്യാശ്ശേരി നിയോജക മണ്ഡലം നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എൻ.പി. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാപ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, എ.പി. ഗംഗാധരൻ, ബിജു ഏളക്കുഴി, പ്രഭാകരൻ കടന്നപ്പളളി, വിജയൻ മാങ്ങാട്, ശങ്കരൻ കൈതപ്രം, കെ. സജീവൻ തുടങ്ങിയവർ സംസാരിച്ചു.

ഇന്ദിര ജനങ്ങളിൽ പ്രതിഷ്ഠ നേടി:

കെ. സുധാകരൻ

മാഹി: ജന മനസിൽ ഇടം നേടിയ നേതാവായിരുന്നു ഇന്ദിരഗാന്ധിയെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ പതിനാലാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. മാഹി റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ, മുൻസിപ്പൽ മുൻ ചെയർമാൻ രമേഷ് പറമ്പത്ത്, പ്രിയദർശിനി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത്, അൻസിൽ അരവിന്ദ്, അലി അക്ബർ ഹാഷിം എന്നിവർ സംസാരിച്ചു. പ്രസീത ചാലക്കുടി, പി.വി. ലൗവിലിൻ, എം. രവീന്ദ്രൻ, ആനന്ദ് പറമ്പത്ത് എന്നിവർ പങ്കെടുത്തു.

മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം

ഇരിട്ടി: ഉളിയിൽ പടിക്കച്ചാൽ മതിലുവളപ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം 7,8,9 തീയ്യതികളിൽ നടക്കും. 9നാണ് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി.

കാർഷിക മേഖലയെ അവഗണിച്ചു:

കേരള കോൺഗ്രസ് (ജേക്കബ്)​

ഇരിട്ടി: കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകൾ കാർഷിക മേഖലയെ പുർണ്ണമായി അവഗണിച്ചെന്ന് കേരള കോൺഗ്രസ്(ജേക്കബ്)​ ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ പകുതിയോളം പെൻഷൻ ലഭിക്കുമ്പോൾ പ്രതിദിനം 17രൂപ കർഷകർക്ക് പെൻഷൻ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ കർഷകരെ അപമാനിക്കുകയാണെന്ന് സംസ്ഥാന വൈസ് ചെയർമാൻ കെ.എ. ഫിലിപ്പ് ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ജോർജ്ജ് വടകര അദ്ധ്യക്ഷത വഹിച്ചു. വത്സൻ അത്തിക്കൽ,​ ജോസ് പൊരുന്നകോട്ട്, ബേബി ഓക്കനാട്ട്, പി.എസ്. മാത്യു, തോമസ് തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.

എസ്.എൻ. കോളേജിന്

159 റൺസ് വിജയം

കണ്ണൂർ: ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ എസ്.എൻ. കോളേജ് 159 റൺസിന് കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എസ്.എൻ. 43.5 ഓവറിൽ 236 റൺസെടുത്തു. അലൻ ജോസഫ് 91 റൺസും എം.എൻ. നീരജ് കുമാർ 35 റൺസുമെടുത്തു. രഞ്ജി ക്രിക്കറ്റ് ക്ലബിന് വേണ്ടി കെ. അഷറഫ് 39 റൺസിന് 3 വിക്കറ്റും മുഹമ്മദ് റാഫി 37 റൺസിന് 2 വിക്കറ്റും വീഴ്ത്തി. മറുപടിയായി രഞ്ജി ക്രിക്കറ്റ് ക്ലബ് 18.2 ഓവറിൽ 77 റൺസിന് എല്ലാവരും പുറത്തായി. എസ്.എൻ കോളേജിന് വേണ്ടി എം.ടി. ഫൈസൽ 36 റൺസിന് 4 വിക്കറ്റും വി.കെ. കിരൺ 26 റൺസിന് 3 വിക്കറ്റും വീഴ്ത്തി. എസ്.എൻ. കോളേജ് താരം അലൻ ജോസഫിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ തലശ്ശേരി ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബ് തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബിനെ നേരിടും.