തളിപ്പറമ്പ: ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് തമിഴ്നാട് സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗൽ വിരുവിട്ടിലെ പെരുമു എന്ന പെരുമാൾ തേവർ(50) രാമു എന്ന റോബോർട്ട് (32) എന്നിവരെയാണ് തളിപ്പറമ്പ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. കൃഷ്ണകുമാറും സംഘവും അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ കാര്യാമ്പലത്ത് ഭാഗത്ത് നടത്തിയ റെയ്ഡിൽ 1.200 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എബി തോമസ്, കെ.പി. മധുസൂദനൻ, സി.ഇ.ഒമാരായ വി. മനോജ്, കെ.ടി.എൻ. മനോജ്, സി. ജതേഷ്, എം. സുരേന്ദ്രൻ, ഡ്രൈവർ സി.വി. അനിൽകുമാർ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

നഗര മാലിന്യങ്ങൾ ഇന്ന്

ശേഖരിച്ച് തുടങ്ങും: മേയർ

കണ്ണൂർ: മാലിന്യ സംസ്‌കരണത്തിന് കണ്ണൂർ നഗരത്തിലെ സീറോ വേസ്റ്റ് പദ്ധതിക്ക് ഇന്ന് തുടക്കമാകും. 12000 വീടുകളിലെ ഡ്രൈവേസ്റ്റുകളാണ് ഫോറെവർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് ശേഖരിക്കുക. ഹരിത കർമസേനയെ നിയോഗിച്ച് മാലിന്യം ശേഖരിക്കാനും ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സംസ്‌കരിക്കാനുമുള്ള പദ്ധതിയാണിതെന്ന് മേയർ ഇ.പി. ലത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യൂസേഴ്ഫീ ഈടാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.

സ്റ്റേഡിയം കോർണറിലെ തുമ്പൂർമൂഴി പ്ലാന്റ് മാതൃകയിൽ പതിനഞ്ചോളം പ്ലാന്റുകൾ കൂടി ആരംഭിക്കും. കാൽടെക്‌സിലെ പുതിയ കംഫർട്ട്‌സ്‌റ്റേഷൻ തുറക്കും. തയ്യിൽ അർബൻ പി.എച്ച്.സി ആരംഭിച്ചു. ആറ്റടപ്പ പി.എച്ച്.സിയിൽ ഡയാലിസിസ് സെന്റർ നിർമാണം പൂർത്തിയായി. എളയാവൂരിൽ പുതിയ ആയുർവേദ ഡിസ്‌പെൻസറിക്ക് സ്ഥലം വാങ്ങി കെട്ടിടം പണി ആരംഭിച്ചു. പള്ളിക്കുന്ന്, പുഴാതി സോണലുകളിൽ ആരംഭിച്ച കാൻസർ വിമുക്ത കോർപ്പറേഷൻ പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. പള്ളിക്കുന്ന് പി.എച്ച്.സി കെട്ടിടം നിർമ്മാണം ഉടൻ ആരംഭിക്കും.

കേരള റോഡ് ഫണ്ട് ബോർഡിന്റെ പ്രവൃത്തിക്ക് 750 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പന്ത്രണ്ടോളം റോഡുകൾ ആധുനീകരിക്കാനുള്ള പദ്ധതിയാണിത്. ജവഹർ സ്റ്റേഡിയം നവീകരണത്തിന് 11 കോടി രൂപ കിഫ്ബി വഴി അനുവദിച്ചു. അമൃത് പദ്ധതിയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ 114 കോടി രൂപയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. 248.61 കിലോ മീറ്ററിൽ 120 കിലോ മീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചു. മെയ് മാസത്തോടെ പൂർത്തിയാകും. പുതിയ ബസ് സ്റ്റാൻഡ് മുതൽ പയ്യാമ്പലം വരെയും വൊക്കേഷണൽ ഹയർസെക്കൻഡറി മുതൽ എസ്.എൻ. പാർക്ക് വരെയും സൈക്കിൾ ട്രാക്കുകളുടെ നിർമ്മാണം ആരംഭിച്ചു. മികച്ച പ്രവർത്തനം നടത്താൻ സാധിച്ചെന്ന് മേയർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെള്ളോറ രാജൻ, ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.