തൃക്കരിപ്പൂർ: നരേന്ദ്ര മോദിയുടെ ഭരണം കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധം വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രയ്ക്ക് തൃക്കരിപ്പൂരിൽ നൽകിയ സ്വീകരണമേറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

സംഘപരിവാറിനെ കൂട്ടുപിടിച്ചുള്ളതും കോർപ്പറേറ്റുകളെ കൈയ്യയച്ച് സഹായിക്കുന്ന രീതിയിലുമുള്ള ഭരണമാണ് കേന്ദ്രത്തിൽ നടക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പിണറായി വിജയനും മോദി സർക്കാരും ഒത്തുകളിച്ചുകൊണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജനമഹായാത്രയുടെ കാസർകോട് ജില്ലയിലെ അവസാന പരിപാടിയായിരുന്നു ഇന്നലെ വൈകീട്ട് തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്നത്. ആയിരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കാൻ തൃക്കരിപ്പൂരിലെത്തിയത് .

സമാപന പൊതുയോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് എം.സി ഖമറുദ്ദീൻ, യു.ഡി.എഫ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, ഷാനിമോൾ ഉസ്മാൻ, ബെന്നിബഹനാൻ, കെ.പി കുഞ്ഞിക്കണ്ണൻ, എം.എ ശുക്കൂർ, ഹക്കീം കുന്നേൽ, ലതിക സുഭാഷ്, കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്, കെ .വി ഗംഗാധരൻ, കെ.വി മുകുന്ദൻ, പി. കുഞ്ഞിക്കണ്ണൻ സംസാരിച്ചു.

മണലൂറ്റ് കേന്ദ്രം പൊലീസ് തകർത്തു
കാസർകോട്: രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയോടെ മണലൂറ്റ് കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ പൊലീസ് മണലൂറ്റ് കേന്ദ്രം തകർത്തു. ജോഡ്ക്കല്ല്, മടന്തൂർ പുഴയിലെ മണലൂറ്റൽ കേന്ദ്രമാണ് കുമ്പള സി.ഐ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള സംഘം തകർത്തത്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മണലൂറ്റ് നടത്തിവന്നിരുന്നത്. മണൽ അരിച്ചെടുക്കുന്നതടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് മണലൂറ്റ് തകൃതിയായി നടന്നുവരുന്നതിനിടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. നൂറുകണക്കിന് ചാക്കുകളിലാക്കിയ നിലയിൽ മണൽ കണ്ടെടുത്തു.