കണ്ണൂർ: കീഴാറ്റൂരിൽ ബൈപാസ് വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ സുരേഷ് കീഴാറ്റൂർ അടക്കം അവശേഷിച്ച എല്ലാവരും ഭൂമി ഏറ്റെടുക്കലിന് സമ്മതപത്രം കൈമാറിയതോടെ വയൽക്കിളി സമരത്തിന് അന്ത്യമാകുന്നു. സുരേഷ് കീഴാറ്റൂരിന്റെ അമ്മ ജാനകി, സഹോദരി രജിത, സമരത്തിൽ മുൻപന്തിയിലുണ്ടായിരുന്ന നെല്ലിക്കൽ ബൈജുവിന്റെ അമ്മ ഭാരതി, ബാബുക്കാട് നാരായണൻ, പോത്തേര നാരായണൻ, ടി. ബാലൻ എന്നിവരാണ് ഭൂമി ഏറ്റെടുക്കലിന് തളിപ്പറമ്പ് അഡിഷണൽ ഡെപ്യൂട്ടി തഹസിൽദാർ മുൻപാകെ രേഖകൾ സമർപ്പിച്ചത്. ഇതോടെ സമര രംഗത്തുണ്ടായിരുന്ന മുഴുവൻ ആളുകളും ഭൂമി ഏറ്റെടുക്കലിന് രേഖകൾ കൈമാറി.
അന്തിമവിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിൽ പ്രത്യക്ഷസമരം ഗുണം ചെയ്യില്ലെന്നും ഹൈക്കോടതിയിൽ നിയമപോരാട്ടം തുടരാനുമാണ് സമരരംഗത്തുള്ളവരുടെ തീരുമാനം.