കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥി ആരാകും? താങ്കൾ വരുമെന്നാണല്ലോ കേൾക്കുന്നത്..? സി.പി.എമ്മിന്റെ കരുത്തനായ നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനോട് 'ഫ്ളാഷ്' ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരണം ഇതുമാത്രം: 'തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ല'. കണ്ണൂർ ജില്ലയിൽ സി.പി.എമ്മിനെ നയിക്കുന്ന പി. ജയരാജൻ സ്ഥാനാർത്ഥിയാകണം എന്ന് പാർട്ടി അണികൾ ആഗ്രഹിക്കുന്നുണ്ടല്ലോയെന്ന് ചോദിച്ചപ്പോൾ ഉത്തരം ചെറുചിരി മാത്രം. നിർണായകമായ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ ജയരാജനെ സി.പി.എം മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്രാപിക്കെയാണ് ഇക്കാര്യം അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിച്ചത്. എന്നാൽ, സ്ഥാനാർത്ഥി ആകുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളോട് പ്രതികരിക്കാനും ജയരാജൻ തയ്യാറായില്ല. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ചിത്രം വ്യക്തമാകുമെന്ന് മാത്രമായിരുന്നു ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി.
വികസനം ചർച്ചയാകും
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി ചർച്ച ചെയ്യപ്പെടുക ദേശീയ രാഷ്ട്രീയവും വികസനവുമായിരിക്കുമെന്ന് ജയരാജൻ പറഞ്ഞു. സംസ്ഥാനത്ത് ഇടതുസർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ചർച്ചകളിൽ ഇടംനേടും. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനമാണ് കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ നാലുവരി പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കലും വിജ്ഞാപനവും വന്നുകഴിഞ്ഞു. കേരളത്തിന്റെ ഏറെ കാലത്തെ സ്വപ്നമാണ് നാലുവരി പാത എന്നത്. അതുപോലെതന്നെയാണ് ഗെയിൽ പദ്ധതി നടത്തിപ്പിലെ പുരോഗതി. വികസന കാര്യത്തിൽ സംസ്ഥാന സർക്കാർ കാട്ടിയ ആത്മാർത്ഥതയും ജാഗ്രതയുമാണ് പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാവാൻ കാരണം.
കീഴാറ്റൂരോ?
കീഴാറ്റൂർ വിഷയം അടഞ്ഞ അദ്ധ്യായമാണ്. ഇപ്പോഴത് കുത്തിപ്പൊക്കാൻ ശ്രമിക്കുന്നത് ചിലരുടെ താത്പര്യമാണെന്നും ജയരാജൻ പറഞ്ഞു.