ഇരിട്ടി (കണ്ണൂർ): പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇരിട്ടിയിൽ ജനമഹായാത്രയ്ക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് സംഭവിച്ച ചില കൈപ്പിഴമൂലമാണ് പിണറായി വിജയൻ ആ സ്ഥാനത്ത് വന്നത്. അതിന്റെ ദുരന്തം കേരളത്തിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും കഴിവുകെട്ട ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ല. പിണറായി വിജയന് ചരിത്രം മാപ്പ് നൽകില്ല. ബി.ജെ.പിക്ക് എതിരായി ശബ്ദിക്കാൻ സി.പി.എം ഒരു കാലത്തും ഒപ്പമുണ്ടായിരുന്നില്ല. സി.പി.എം അന്ധമായ കോൺഗ്രസ് വിരോധവുമായി മുന്നോട്ടുപോകുകയാണ്. പിണറായിയും മോദിയും കർഷകരുടെയും യുവാക്കളുടെയും പ്രതീക്ഷ തല്ലിക്കെടുത്തുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു. സതീശൻ പാച്ചേനി, കെ. സുരേന്ദ്രൻ, സണ്ണി ജോസഫ് എം.എൽ.എ, എ.പി. അബ്ദുള്ളക്കുട്ടി, ലതികാ സുഭാഷ്, കെ.പി. പ്രഭാകരൻ, സണ്ണി മേച്ചേരി, ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവർ പ്രസംഗിച്ചു.