കാഞ്ഞങ്ങാട്: ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഊർജ്ജിത കന്നുകാലി വികസന ഉപകേന്ദ്രങ്ങളിൽ ജോലി ചെയ്തുവരുന്ന കാഷ്വൽ സ്വീപ്പർമാർ പിരിച്ചുവിടൽ ഭീഷണിയിൽ. ഇവർക്ക് പകരം കുടുംബശ്രീയിൽനിന്നുള്ളവരെ നിയമിക്കാനാണ് നീക്കം നടക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറുടെ കീഴിലാണ് കാഷ്വൽ സ്വീപ്പർമാർ പ്രവർത്തിക്കുന്നത്. ഉപകേന്ദ്രങ്ങളുടെ സ്വീപ്പിംഗ് ഏരിയ നിശ്ചിത മാനദണ്ഡത്തിൽ കുറവായതാണ് പലരുടെയും ജോലി തെറിപ്പിക്കുന്നത്. പ്രതിമാസം 6000 രൂപയാണ് ഇവർക്ക് വേതനമായി നൽകുന്നത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഇവർ നിർബന്ധമായും ഉപ കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കണം. പൊതുഅവധി ഇവർക്ക് ബാധകമല്ല. അവധിയെടുത്താൽ അന്ന് വേതനവുമില്ല.ജോലിക്കെത്തുന്ന ദിവസം ഒപ്പിടുകയും വേണ്ട.
സർക്കാർ ഓഫീസുകളിലെ പാർട്ട് ടൈം സ്വീപ്പർമാർക്ക് മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമ്പോളാണ് അവരുടെ അത്ര തന്നെ ജോലി ചെയ്യുന്ന കാഷ്വൽ സ്വീപ്പർമാർ അവഗണിക്കപ്പെടുന്നത്. അതത് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ കാരുണ്യത്തിലാണ് പലർക്കും ജോലിയിൽ തുടരാനാകുന്നത്. ജില്ലയിൽ നിരവധി പേർ കാഷ്വൽ സ്വീപ്പർമാരായി ജോലി നോക്കുന്നുണ്ട്. സർക്കാർ മുമ്പാകെ നിരവധി തവണ പ്രശ്നങ്ങൾ അവതരിപ്പിക്കപ്പെട്ടുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല.