കാസർകോട്: ജില്ലാ പഞ്ചായത്ത് കോൺഗ്രസ് അംഗങ്ങൾ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടെങ്കിലും മുൻധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് കൈമാറുന്നത് വൈകിയേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് മുല്ലപ്പള്ളി തന്നെവന്നു കണ്ടു പരാതി പറഞ്ഞ കോൺഗ്രസ് പ്രവർത്തകരെ അറിയിച്ചത്. ഇന്ത്യയിലും കേരളത്തിലും കോൺഗ്രസ് തരംഗമാണുള്ളതെങ്കിലും കാസർകോട് ഇതിൽ നിന്നും വ്യത്യസ്തമാണെന്നാണ് ഇതേ കുറിച്ച് പ്രതികരണമാരാഞ്ഞപ്പോൾ കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂർ പ്രതികരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രണ്ടര വർഷത്തിന് ശേഷം കോൺഗ്രസിന് വിട്ടു നൽകണമെന്ന ധാരണ പാലിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് അംഗങ്ങളിൽ നിന്നും ഉയരുന്നത്.
ജില്ലാ പഞ്ചായത്ത് ഭരണം ഉടൻ കോൺഗ്രസിന് ലഭിക്കണമെന്ന് ഐ ഗ്രൂപ്പ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഡി.സി.സി നേതൃത്വവും എ ഗ്രൂപ്പും ഇക്കാര്യത്തിൽ അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്. കുറ്റിക്കോലിൽ നിലവിലുണ്ടായിരുന്ന കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റി മറ്റൊരാളെ നിയമിച്ച നടപടിക്കെതിരെ കുറ്റിക്കോലിൽ നിന്നുള്ള ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ ചട്ടഞ്ചാലിലെ ജനമഹാ യാത്ര സ്വീകരണപരിപാടി സ്ഥലത്തെത്തി നേതാക്കളെ വെല്ലുവിളിച്ചിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പല നടപടികളും സാധാരണ കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും വികാരം മാനിക്കാതെയുള്ളതാണെന്ന് ഒരു വിഭാഗം പറയുന്നു. നേതൃത്വത്തിന്റെ തെറ്റായ നയസമീപനമാണ് ഓരോ പ്രദേശത്തും പാർട്ടിയെ ദുർബലമാക്കുന്നതെന്നും ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം ലീഗിലെ എ.ജി.സി ബഷീറിനെ പരസ്യമായി അവഹേളിച്ച ജില്ലാ പഞ്ചായത്ത് അംഗം ഹർഷദ് വോർക്കാടിക്കെതിരെ ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതൃത്വം യാതൊരു നടപടിയും സ്വീകരിക്കാത്തത് മുസ്ലിം ലീഗിനെയും പ്രകോപിതരാക്കിയിട്ടുണ്ട്.