ശ്രീകണ്ഠപുരം: കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് ശ്രീകണ്ഠപുരത്ത് ഉജ്ജ്വല വരവേൽപ്പ് നൽകി. രാവിലെ 11 മണിക്ക് എത്തിചേർന്ന ജാഥാംഗങ്ങളെ കോൺഗ്രസ് പാർട്ടി ഓഫീസ് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. സ്വീകരണ പരിപാടി കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സരേഷ്, ഷാനിമോൾ ഉസ്മാൻ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, ജോസഫ് വാഴക്കൻ, സജീവ് ജോസഫ്, ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, പി.സി. ഷാജി, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ, മുസ് ലിം ലീഗ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് ടി.എൻ.എ. ഖാദർ തുടങ്ങിയവർ സംസാരിച്ചു.

ഡി.സി.സി. സെക്രട്ടറിമാരായ പി.ജെ.ആന്റണി, കെ.വി.ഫിലോമിന, കെ.പി.ഗംഗാധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ഒ. മാധവൻ, ടി.എ. ജസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി. പേരാവൂർ, മട്ടന്നൂർ, ചക്കരക്കൽ, കണ്ണൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ചൊവ്വാഴ്ചത്തെ യാത്ര സമാപിച്ചു. ഇന്ന് രാവിലെ 10ന് തലശ്ശേരി, 11.30ന് കൂത്തുപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ജനമഹായാത്ര വയനാട് ജില്ലയിൽ പ്രവേശിക്കും.


ബോംബേറ്,​അക്രമപരമ്പര, ജയിലിൽ ആർ.എസ്.എസ്,​സി.പി.എം.പ്രവർത്തകർ അറസ്റ്റിൽ
തലശ്ശേരി: ശബരിമലയിൽയുവതികൾ ദർശനം നടത്തിയെന്ന വാർത്ത പ്രചരിച്ചതിന് പിറകെ തലശ്ശേരിയിൽ ബോംബും മാരകായുധങ്ങളുമായി അക്രമപരമ്പരകൾ നടത്തിയത് ഒരേ സംഘമെന്ന് തിരിച്ചറിഞ്ഞതോടെ നേരത്തെ പിടിയിലായി ജയിലിലടച്ച യുവാക്കളെ അന്വേഷണ സംഘം കോടതിയുടെ അനുമതിയോടെ ജയിലിലെത്തി അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജനവരി 6 ന് എൻ.ജി.ഒ.യൂണിയൻ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഡപ്യൂട്ടി സുപ്രണ്ടുമായ കൊളശ്ശേരി കാവുംഭാഗത്തെ വിമൽ കുമാറിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ റിമാന്റിൽ ക ഴിയുന്ന കാവുംഭാഗം പുതിയ റോഡിലെ കുനിയിൽ വീട്ടിൽ കെ.വി.സരുൺ അജിത്ത് (24), വാവാച്ചി മുക്കിലെ വലിയ പറമ്പത്ത് വീട്ടിൽ സി.പി.അശ്വിൻ (24) എന്നിവരെയാണ് കൊളശ്ശേരിയിലെ ദിനേശ് ബീഡി ഫാക്ടറിക്ക് നേരെ കഴിഞ്ഞ ജനവരി 4 ന് ബോംബെറിഞ്ഞ കേസിൽ വീണ്ടും അറസ്റ്റ് ചെയ്തത്.കോടതിയുടെ അനുമതിയോടെ തലശ്ശേരി സബ്ബ് ജയിലിലെത്തിയായിരുന്നു അറസ്റ്റ്. ഇരുവരും സജി വ ആർ.എസ്.എസ്. പ്രവർത്തകരാണ്.

ശബരിമല വിഷയത്തിൽ കർമ്മസമിതി പ്രഖ്യാപിച്ച ഹർത്താൽ ദിവസം തിരുവങ്ങാട് മഞ്ഞോടി കണ്ണച്ചിറ ഭാഗത്തെ സി.പി.എം.പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകൾ ഒന്നൊന്നായി ആക്രമിക്കപ്പെട്ടതിന് പ്രതികാരമായി സ്ഥലത്തെ ബി.ജെ.പി.നേതാവ് എൻ.ഹരിദാസന്റെയും ആർ.എസ്.എസ്.നേതാവ് കൊളക്കോട്ട് ചന്ദ്രശേഖറിന്റെയും വീടുകൾ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കണ്ണിച്ചിറയിലെ വാഴയിൽ വീട്ടിൽ ടി.കെ.വിഷ്ണു (2ഹ), കല്ലായി തെരുവിലെ നളോ ന്ത പൊയിലിൽ പി.അമർനാഥ് (20) എന്നിവരെ ആർ.എസ്.എസ്.നേതാവ് കൊളക്കോട്ട് ചന്ദ്ര ശേഖരിന്റെ തിരുവങ്ങാട് അമ്പലത്തിനടുത്ത വീടാക്രമിച്ച കേസിലും അറസ്റ്റ് ചെയ്തു. ഇരുവരും സജീവ സി.പി.എം പ്രവർത്തകരാണ്.


വൈൻഡിംഗ് മെഷീൻ പണിമുടക്കി മാസമൊന്ന്

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റിന് നീണ്ട ക്യൂ

തലശ്ശേരി: ദിനംപ്രതി നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് വൈൻഡിംഗ് മെഷീൻ നന്നാക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു.ഇതുമൂലം ടിക്കറ്റിന് ഏറെനേരം കാത്തുകെട്ടിക്കിടക്കേണ്ടിവരികയാണ്.

സ്റ്റേഷനിലെ രണ്ട് പ്ളാറ്റ് ഫോമുകളിലായി മൂന്ന് കൗണ്ടർ മാത്രമാണുള്ളത്. ടിക്കറ്റ് ലഭിക്കാത്തതിനാൽ യാത്ര മുടങ്ങുന്ന അവസ്ഥ പോലുമുണ്ടെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. രണ്ടാം പ്ളാറ്റ് ഫോമിൽ ഒരു ടിക്കറ്റ് കൗണ്ടർ മാത്രമേയുള്ളു. സ്റ്റേഷനിലുള്ള മൂന്നിൽ രണ്ട് വൈൻഡിംഗ് മെഷീനും നിലവിൽ കേടായിക്കിടക്കുകയാണ്.തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളിലുള്ള പോരായ്മകൾ പരിഹരിക്കാനുള്ള ഇടപെടൽ ഉദ്യോഗസ്ഥരിൽ നിന്നോ ജനപ്രതിനിധികളിൽ നിന്നോ ഉണ്ടാവുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.


മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി
മാഹി: നഗരസഭ ഏർപ്പെടുത്തിയ യൂസർഫീ പിൻവലിക്കണമെന്ന് ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പോണ്ടിച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമിക്ക് നിവേദനം നൽകി. 12ന് പ്രശ്‌നം മാഹിയിൽ വച്ച് വിഷയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി നേതാക്കളായ കെ.കെ.അനിൽകുമാർ, പായറ്റ അരവിന്ദൻ എന്നിവർ പറഞ്ഞു.

ഓഫീസ് സമുച്ചയം ശിലാസ്ഥാപനം

പയ്യന്നൂർ: എൻ.ജി.ഒ യൂണിയൻ പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് വേണ്ടി നിർമ്മിക്കുന്ന ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി നിർവ്വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എ.രതീശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സി .ഐ. ടി. യു ജില്ലാ സെക്രട്ടറി പി.വി കുഞ്ഞപ്പൻ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് പി.സി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി ശശിധരൻ, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി വി.നാരായണൻ, കെ .എസ് .ടി .എ ജില്ലാ സെക്രട്ടറി വി.പി മോഹനൻ എന്നിവർ സംബന്ധിച്ചു. കെ.മോഹനൻ നന്ദി പറഞ്ഞു.

ഭവനങ്ങളുടെ താക്കോൽദാനം

പയ്യന്നൂർ: പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതി പ്രകാരം പയ്യന്നൂർ നഗരസഭയിൽ പൂർത്തീകരിച്ച 125 ഭവനങ്ങളുടെ താക്കോൽദാനം 8 ന് രാവിലെ 11.30ന് ഗാന്ധി പാർക്കിൽ വെച്ച് മന്ത്രി എ.സി.മൊയ്തീൻ നിർവ്വഹിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. സി. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
പയ്യന്നൂർ നഗരസഭയിൽ ആകെ 598 വീടുകളാണ് പി. എം .എ .വൈ ലൈഫ് പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട് നിർമ്മാണ പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നത്. ഇതു വരെ പൂർത്തിയായ 125ഭവനങ്ങളാണ് താക്കോൽദാനത്തിന് തയ്യാറാക്കിയിരിക്കുന്നത്.11 കോടി 96 ലക്ഷം രൂപ നഗരസഭാ വിഹിതമാണ്. ഭവന രഹിതരില്ലാത്ത നഗരസഭയായി പയ്യന്നൂർ നഗരസഭയെ മാറ്റുകയെന്നതാണ് പദ്ധതി കൊണ്ട്‌ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പറഞ്ഞു.
കൗൺസിലർമാരായ പി.വി.കുഞ്ഞപ്പൻ, പി.പി.ദാമോദരൻ, ഇന്ദുലേഖ പുത്തലത്ത്, ഇ.ഭാസ്‌കരൻ ,
പി .വി.ദാസൻ, സൂപ്രണ്ട് കെ.ഹരിപ്രസാദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


ദേശീയപാതയോരത്തെ ശർക്കര വിൽപ്പനകേന്ദ്രം പൂട്ടിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയ പായോരത്തുനിന്നും നിരോധിത ശർക്കരകൾ വിൽക്കുന്ന കരിപ്പെട്ടി ഓട്ട്‌ലെറ്റുകൾ ആരോഗ്യവകുപ്പ് പൂട്ടിച്ചു . തമിഴ്‌നാട്ടിൽ നിന്നുമെത്തിയ സംഘമാണ് പനം ശർക്കരകൾ വിൽപ്പന നടത്തിയത്. വിൽപ്പന ശ്രദ്ധയിൽ പ്പെട്ട നാട്ടുകാർ ഉടൻ ഫുഡ് ആൻഡ് സേഫ്റ്റി കമ്മിഷണറെ വിവരമറിയിക്കുകയായിരുന്നു. ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ സി.എ ജനാർദ്ദനൻ സ്ഥലത്തെത്തി ശർക്കരയുടെ സാമ്പിൾ ശേഖരിച്ചു. തമിഴ്‌നാട്ടിലെ തിരുത്തുവേലിയിൽ നിന്നുമാണ് ശർക്കരകൾ കൊണ്ടുവന്നതെന്ന് വിൽപ്പനക്കാരനായ നാരായണൻ പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുമെത്തുന്ന പനം ശർക്കരയിൽ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അവയുടെ വിൽപനയ്ക്ക് കേരളത്തിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.തളിപ്പറമ്പ് നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി ബൈജു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വി.വി മനോജ് കുമാർ, വി.കെ അഫ്‌സില എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

'തുടി' ജില്ലാതല പഠനക്യാമ്പ് ആരംഭിച്ചു

ഇരിട്ടി: 'തുടി 2019' പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷകേരള, ഇരിട്ടി ബി .ആർ. സി എന്നിവയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'സ്‌കൂളിൽപോവാം, ക്യാമ്പിൽ പഠിക്കാം' ജില്ലാ തല പഠന ക്യാമ്പ് ഇരിട്ടി ബി ആർ സി യിൽ ആരംഭിച്ചു. വിവിധ കാരണത്താൽ വിദ്യാലയങ്ങളിൽപോകാൻ കഴിയാത്ത കുട്ടികളെ കണ്ടെത്തി വിദ്യാലയത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇരിട്ടി ഉപജില്ലയിലെ വിവിധമേഖലകളിൽ നിന്നുള്ള വിദ്യാലയങ്ങളിൽ പോകാത്ത കുട്ടികളെ കണ്ടെത്തി അവർക്കും വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യമാണ് പദ്ധതിയ്ക്കുള്ളത്.

ജില്ലാ തല പഠന ക്യാമ്പിന്റെ ഉദ്ഘാടനം എസ് .എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസർ കെ. ആർ. അശോകൻ നിർവഹിച്ചു. ബി .പി .ഒ എം . ശൈലജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ എസ്. ടി. രമേഷ്, സാജിദ് മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

സൈമൺ ബ്രിട്ടോ അനുസ്മരണം
കരിവെള്ളൂർ: മണക്കാട് രക്തസാക്ഷി സ്്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം യുവജനവേദിയുടെ ആഭിമുഖ്യത്തിൽ സൈമൺ ബ്രിട്ടോ അനുസ്മരണം സംഘടിപ്പിച്ചു. കരിവെള്ളൂർ മുരളി അനുസ്മരണപ്രഭാഷണം നടത്തി. മികച്ച കേന്ദ്രീയ വിദ്യാലയ അദ്ധ്യാപക അവാർഡ് ജേതാവ് സന്തോഷ് കുമാർ കാനയെ അനുമോദിച്ചു. വായനശാലയിലേക്ക് ഫർണീച്ചർ നൽകിയ കെ.പി.ഭരതനിൽ നിന്നും വായനശാല സെക്രട്ടറി വിനോദ് കുമാർ ചെക്ക് ഏറ്റുവാങ്ങി. എം.വി.അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി.വി.തങ്കമണി, സി.പി.നരേന്ദ്രൻ എന്നിവർ സംസാരിച്ചു. അഡ്വിൻമോഹൻ സ്വാഗതവും വിനോദ് കുമാർ നന്ദിയും പറഞ്ഞു. ഞാൻ അനഘ നാടകവും ഇതോടനുബന്ധിച്ച് അരങ്ങേറി.

ശാസ്ത്രകലാജാഥ പ്രയാണം തുടങ്ങി
കണ്ണൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 'നമ്മൾ ജനങ്ങൾ' ശാസ്ത്ര കലാജാഥക്ക് വെള്ളൂർ സെൻട്രൽ ആർട്‌സ് നാടകപ്പുരയിൽ തുടക്കം കുറിച്ചു .പയ്യന്നൂർ നഗരസഭാ ചെയർമാൻ ശശി വട്ടകൊവ്വൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പാവൂർ നാരായണൻ അദ്ധ്യക്ഷനായിരുന്നു.പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി
ജില്ലാ പ്രസിഡന്റ് കെ.ശാന്തമ്മ ,​സെക്രട്ടറി ഒ.സി. ബേബിലത,​മുൻ ജനറൽ സെക്രട്ടറി വി.വി.ശ്രീനിവാസൻ
മാസികാ മാനേജിംഗ് എഡിറ്റർ എം.ദിവാകരൻ എന്നിവർ പ്രസംഗിച്ചു. പരിഷത്ത് പ്രവർത്തകരും കലാ സാംസ്‌കാരിക ഗ്രന്ഥശാല പ്രവർത്തകരും വിദ്യാർത്ഥികളും നാട്ടുകാരും അടങ്ങിയ വിപുലമായ സദസ്സിൽ ശാസ്ത്ര കലാജാഥ അരങ്ങേറി.ഈ മാസം 15 വരെ നാല്പത് കേന്ദ്രങ്ങളിൽ കണ്ണൂർ ജില്ലയിൽ പരിപാടികൾ അവതരിപ്പിക്കും.