പരിയാരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു. മാട്ടൂൽ നോർത്ത് സ്വദേശിയും നെരുവമ്പ്രം മേലെ അതിയടത്ത് വാടകക്ക് താമസിക്കുന്ന ഉള്ളി ഹൗസിൽ ജൗഹറാ(28)ണ് റിമാൻഡിലായത്. കോഴിക്കോട് ജില്ലക്കാരിയായ യുവതിയുടെ പരാതിയിൽ പരിയാരം പ്രിൻസിപ്പൽ എസ്.ഐ വി.ആർ. വിനീഷാണ് അറസ്റ്റ് ചെയ്തത്.
പുനർ വിവാഹത്തിനായി വൈവാഹിക സൈറ്റിൽ യുവതി പരസ്യം നൽകിയിരുന്നു. ഇതുവഴി പരിചയപ്പെട്ട ജൗഹർ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് നവംബർ 14ന് വാടക വീട്ടിലെത്തിച്ച് ഒരാഴ്ചയോളം താമസിപ്പിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. മർദ്ദിച്ച് നാലുപവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി കഴിഞ്ഞ മാസം 29 ന് വീണ്ടും ജൗഹറിന്റെ നെരുവമ്പ്രത്തെ വീട്ടിലെത്തി വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രകോപിതനായ പ്രതി യുവതിയെ വീണ്ടും മർദ്ദിച്ചു. തുടർന്നാണ് യുവതി പരിയാരം പൊലീസിൽ പരാതി നൽകിയത്. ജൗഹർ നേരത്തെ വിവാഹം കഴിച്ചയാളാണെന്ന് പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.