തലശ്ശേരി: പെരിങ്ങളം അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പദവിയെ ചൊല്ലി കോൺഗ്രസ് എ ഗ്രൂപ്പിൽ പൊട്ടിത്തെറി. ഡി.സി.സി. സെക്രട്ടറി സന്തോഷ് കണ്ണംവെള്ളിയെ വീണ്ടും പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെയാണ് കലാപക്കൊടി ഉയർന്നത്. ക്ലാസ് ഫോർ ജീവനക്കാരി മരിച്ചതിനെ തുടർന്ന് നൽകിയ പണം പിതാവ് തിരികെ ചോദിച്ചത് ബാങ്കിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതോടെ മൂന്ന് തവണ പ്രസിഡന്റായിരുന്ന സന്തോഷ് കണ്ണംവെള്ളിയെ മാറ്റി പകരം ശശികുമാറിന് ചുമതല നൽകി. ഓണറേറിയം പോലും വാങ്ങാത്ത ഇദ്ദേഹത്തിനെതിരെ ഒരു വർഷം കഴിഞ്ഞപ്പോൾ അവിശ്വാസം കൊണ്ടുവന്നതാണ് ഗ്രൂപ്പ് പോരിന് ആക്കം കൂട്ടിയത്. എ ഗ്രൂപ്പിലെ നാല് നേതാക്കളുടെ പിന്തുണ ശശികുമാറിനുണ്ട്. ഭൂരിപക്ഷം എ ക്ലാസ് മെമ്പർമാരും ശശികുമാറിനൊപ്പമാണ്. ഇതോടെ ബന്ധുക്കളടങ്ങിയ ഡയറക്ടർമാരെ സ്വാധീനിച്ചാണ് സന്തോഷ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പെരിങ്ങളത്ത് തുറന്ന പോരിനാണ് കളമൊരുങ്ങുന്നത്. ഇതിൽ 20ന് സഹകരണ വകുപ്പിന്റെ മേൽനോട്ടത്തിൽ ചർച്ച നടക്കും. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സന്തോഷിനെതിരെ അഴിമതി ആരോപിച്ച് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.