കാസർകോട്: കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ജേക്കബ് കാനാട്ടിനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എം. ഹരിപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജേക്കബ് കാനാട്ടിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് പന്ന്യമാക്കൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ മാനുവൽ കാപ്പൻ, കൃഷ്ണൻ തണ്ണോട്ട്, ജേക്കബ് കാനാട്ട്, ബാലഗോപാലൻ പെരളത്ത് എന്നിവർ സംസാരിച്ചു. ഹരിപ്രസാദ് മേനോനെ സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് പാർട്ടി ചെയർമാൻ പി.സി.തോമസ് നേമിനേറ്റ് ചെയ്തതായി ജില്ലാ കമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു.
എൽ.ഡി.എഫ് മേഖലാ ജാഥയ്ക്ക് സ്വീകരണം നൽകും
തൃക്കരിപ്പൂർ: സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന ഇടതുപക്ഷ മുന്നണിയുടെ വടക്കൻ മേഖല പ്രചാരണ ജാഥ വൻ വിജയമാക്കുവാൻ തൃക്കരിപ്പൂർ എ.ബി ഇബ്രാഹിം മാസ്റ്റർ സ്മാരക മന്ദിരത്തിൽ ചേർന്ന എൽ.ഡി.എഫ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. 17 നു വൈകീട്ട് നാലുമണിക്ക് ജില്ലാ അതിർത്തിയായ കാലിക്കടവിൽ ചേരുന്ന സ്വീകരണ പൊതുയോഗത്തിൽ പതിനായിരം പ്രവർത്തകരെ പങ്കെടുപ്പിക്കും.
യോഗം സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.ഘടകകക്ഷി നേതാക്കളായ ടി.വി ബാലകൃഷ്ണൻ, വി.എൻ.പി ഫൈസൽ, പി.വി ഗോപാലൻ, ഇ. നാരായണൻ സംസാരിച്ചു. എൽ.ഡി.എഫ് കൺവീനർ എം. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു