pk-firos

കണ്ണൂർ: ബന്ധു നിയമന ആരോപണങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ താൻ നടത്തുന്ന പോരാട്ടങ്ങൾക്ക് മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും പിന്തുണയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിക്കെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുകയും തെളിവുകൾ പുറത്തുകൊണ്ടുവരികയും ചെയ്യുന്ന ഫിറോസിന്റെ നീക്കങ്ങൾക്ക് ലീഗോ യു.ഡി.എഫോ ഇപ്പോൾ അർഹിക്കുന്ന പരിഗണന നല്കുന്നില്ലെന്ന ആക്ഷേപത്തെക്കുറിച്ച് 'ഫ്ളാഷ്' ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. ആക്ഷേപങ്ങൾ നിഷേധിച്ച ഫിറോസ് ഒരുകാര്യം കൂടി പറ‌ഞ്ഞു, ഇതുസംബന്ധിച്ച് ഇന്ന് നിയമസഭയിൽ പ്രതിപക്ഷം സബ്മിഷൻ അവതരിപ്പിക്കുന്നുണ്ടെന്ന്.

മന്ത്രിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്നും വ്യക്തമാക്കി. കെ.ടി ജലീലിനെതിരെ ലോകായുക്തയിൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് നല്കിയ പരാതിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ഹാജരായി വിശദീകരണം നല്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ആശ്വാസകരമായ നടപടികളാണിത്. ജലീലിനെതിരെ നിയമപോരാട്ടം ശക്തമാക്കുമെന്നും ഫിറോസ് പറഞ്ഞു.

മന്ത്രിക്കെതിരെ രേഖകളടക്കം നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും ഇക്കാര്യവുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്നതുപോലെ ഇപ്പോൾ ലീഗ്, യു.ഡി.എഫ് നേതാക്കൾ പലരും പ്രതികരിക്കുന്നില്ലെന്ന ആക്ഷേപം പല കോണുകളിൽ നിന്നും ഉയരുമ്പോഴാണ് 'ഫ്ളാഷ്' ഇക്കാര്യം ഫിറോസിനോടുതന്നെ നേരിട്ട് ചോദിച്ചത്. കെ.ടി. ജലീൽ വിഷയത്തിൽ നേരത്തെ യൂത്ത് ലീഗും യു.ഡി.എഫും സമരവുമായി രംഗത്തെത്തിയിരുന്നു.