കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി കൂടുതൽ വേണമെന്ന മുസ്ലിംലീഗിന്റെ മോഹം തത്കാലം പൂവണിയില്ല. പതിവുപോലെ രണ്ട് സീറ്റിൽ തൃപ്തിപ്പെടണമെന്ന സൂചന തന്നെയാണ് കോൺഗ്രസ് നേതാക്കൾ നല്കിയിരിക്കുന്നത്. എന്നാൽ മൂന്നാംസീറ്റിനുള്ള അർഹതയുണ്ടെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുകയുമാണ്.
രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധികസീറ്റെന്ന ആവശ്യം കേരള കോൺഗ്രസിനൊപ്പം (എം) ലീഗും ഉന്നയിച്ചിരുന്നു. യു.ഡി.എഫിൽ തീരുമാനമെടുക്കാനായിരുന്നു രാഹുലിന്റെ നിർദ്ദേശം. ഒരു സീറ്റുകൂടി വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് (എം) ഉറച്ചുനിൽക്കുന്നതാണ് മുസ്ലിംലീഗിന് ഇതേ ആവശ്യത്തിൽ നിന്ന് പിന്മാറാൻ കഴിയാത്തതിന് പിന്നിൽ. സീറ്റ് വിഭജന ചർച്ച നടക്കുമ്പോൾ ആവശ്യത്തിൽ ഉറച്ചു നിൽക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുണ്ട്. 'സമസ്ത" സമ്മർദ്ദവുമായി പിന്നിലുള്ളതും ലീഗ് നേതാക്കൾക്ക് തലവേദനയാണ്.
മലപ്പുറത്തിനും പൊന്നാനിക്കും പുറമെ സീറ്റ് കിട്ടിയാൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യവും ലീഗിന് തലവേദനയായിവരും. നിലവിൽ എം.പിമാർ മത്സരിക്കാൻ തയ്യാറായാൽ അവർ തന്നെയാകും സ്ഥാനാർത്ഥികളെന്ന സൂചനയാണ് ലീഗിൽ നിന്ന് വരുന്നത്.
വെല്ലുവിളി ലീഗ് മനസിലാക്കും : മുല്ലപ്പള്ളി
ദേശീയതലത്തിലെ വെല്ലുവിളി ലീഗ് മനസിലാക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. അതുകൊണ്ടു തന്നെ മൂന്നാം സീറ്റ് ആഗ്രഹം ഉയർന്നുവരാനിടയില്ല. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതൊന്നും അവരുടെ ഭാഗത്തു നിന്നുണ്ടാകില്ല. ഒഴിവ് വരുന്ന പാലക്കാട് സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും.