ചെറുപുഴ:ഞെക്ലി ശാഖ മുസ്‌ലിംലീഗ് കമ്മിറ്റി ബൈത്തുറഹ്മ ഭവനപദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ കൈമാറ്റവും ശാഖാ സമ്മേളനവും 8,9 തീയതികളിൽ നടക്കും. നിർധന കുടുംബാംഗമായ ഞെക്ലിയിലെ കൊമ്മച്ചി ആസ്യ, കെ. സഫീറ എന്നിവർക്കാണ് വീടുകൾ നല്കുന്നത്. 9ന് വൈകീട്ട് 4ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ താക്കോൽദാനം നിർവഹിക്കും. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൊതുയോഗം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. കെ. അബ്ദുൾ ഖാദർ മൗലവി ഉദ്ഘാടനം ചെയ്യും.എൻ. എ. നെല്ലിക്കുന്ന് എംഎൽഎ, അബ്ദു റഹിമാൻ രണ്ടത്താണി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. പരിപാടികൾക്ക് മുന്നോടിയായി 8ന് വാഹന റാലി, വിളംബര ജാഥ, മുസ്ലീം ലീഗ് പ്രവർത്തക സംഗമം എന്നിവയും നടക്കും.പരിപാടികളുടെ നടത്തിപ്പിനായി
വിപുലമായ ഒരുക്കങ്ങളാണ് മുസ്‌ലിംലീഗ് കമ്മിറ്റി തയ്യാറാക്കിയിട്ടുള്ളതെന്ന് സംഘാടക സമിതി ഭാരവാഹികളായ ഇ. മൊയ്തു മൗലവി, പി. എസ്. റഫീഖ് അശ്രഫി, എം.മജീദ്, പി. എസ്. ഇബ്രാഹിം കുട്ടി, പി. ഫാസിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഉത്പാദനമേഖലയിലൂന്നി പെരിങ്ങോം വയക്കര പഞ്ചായത്ത് ബഡ്ജറ്റ്
പെരിങ്ങോം: കാർഷിക മേഖലയിൽ വളർച്ചയും പശ്ചാത്തല സൗകര്യ വികസനത്തിന് ശ്രദ്ധയും നൽകി പെരിങ്ങോം വയക്കര പഞ്ചായത്തിന്റെ 2019- 2020 വർഷം ബഡ്ജറ്റ് വൈസ് പ്രസിഡന്റ് പി. പ്രകാശൻ അവതരിപ്പിച്ചു. യോഗത്തിൽ പ്രസിഡന്റ് പി. നളിനി അദ്ധ്യക്ഷത വഹിച്ചു. 35 ഹെക്ടർ സ്ഥലത്ത് ജൈവ നെല്ലുല്പാദനവും 2400 വീടുകളിൽ നേന്ത്രവാഴ കൃഷിയും നടപ്പാക്കുന്നതിന് ബഡ്ജറ്റിൽ നിർദേശമുണ്ട്. പാടിയോട്ടുചാൽ ടൗണിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ 31 ലക്ഷം രൂപ വകയിരുത്തി. ഭൂരഹിത ഭവന രഹിതരായ 66 കുടുംബങ്ങൾക്കും 190 ഭവന രഹിത കുടുംബങ്ങൾക്കും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നൽകും. 198362296 രൂപ വരവും 196619046 രൂപ ചെലവും 1743250 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ഈ വർഷത്തെ ബഡ്ജറ്റ്.
പൂന്തുരുത്തിയിൽ കാത്തിരിപ്പിനറുതി
ഭഗവതിമാരുടെ തിരുമുടി നിവരൽ ഇന്ന്
പയ്യന്നൂർ : പതിമൂന്ന് വർഷമായുള്ള ഭക്തജനങ്ങളുടെ കാത്തിരിപ്പിന് സാഫല്യമായി ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ പൂന്തുരുത്തി മുച്ചിലോട്ടുഭഗവതിക്ഷേത്രത്തിൽ തമ്പുരാട്ടിമാരുടെ തിരുമുടിയുയരും.. മറ്റു മുച്ചിലോടുകളിൽ നിന്ന് വ്യത്യസ്തതമായി രണ്ട് മുച്ചിലോട്ട് ഭഗവതിമാർ ഭക്തർക്ക് ദർശനം നൽകുന്നുവെന്ന പ്രത്യേകതയും ഇവിടെയുണ്ട്.
നീലേശ്വരത്തെ സുരേഷ് അഞ്ഞൂറ്റാനും രാമന്തളി യിലെ കുണ്ടോറ സതീശൻ പെരുവണ്ണാനുമാണ് ഭഗവതിമാരുടെ കോലം അണിയുന്നത്. വരച്ചു വെക്കൽ ചടങ്ങിൽ പ്രശ്‌ന ചിന്തയിലൂടെ കോലധാരികളായി കണ്ടെത്തിയ ഇരുവരും ക്ഷേത്രത്തിന് സമീപം തയ്യാറാക്കിയ കുച്ചിലിൽ കടുത്ത വൃതാനുഷ്ഠാനത്തോടെ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ അടിച്ചു തെളിത്തോറ്റത്തോടെ കോലധാരികൾ ക്ഷേത്ര മതിൽ കെട്ടിനകത്തെ കൈലാസക്കല്ലിന് സമീപത്തായി നിർമ്മിച്ച കുച്ചിലിലേക്ക് മാറിയിരുന്നു. ഇന്ന് പുലർച്ചെ മുതൽ പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, മടയിൽ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, വിഷ്ണുമൂർത്തി , രക്തചാമുണ്ഡി
തെയ്യക്കോലങ്ങളുടെ പുറപ്പാടിന് ശേഷം ഉച്ചക്ക് മേലേരി കൈയേൽക്കൽ നടക്കും. തുടർന്ന് ഒരു മണിയോടെ ക്ഷേത്രം കന്നിമൂലയിലെ കൈലാസക്കല്ലിൽ നിന്ന് ഭഗവതിമാരുടെ തിരുമുടികൾ ഉയരുന്നതോടെ ആചാരക്കാരും ഭക്തജനങ്ങളും അരിയെറിഞ്ഞുീ സ്ത്രീകൾ കുരവയിട്ടും ഭഗവതിയെ വവേൽക്കും. പെരുങ്കളിയാട്ടത്തിന്റെ മൂന്നാം നാളായ ഇന്നലെ വൈകീട്ട് മംഗല കുഞ്ഞുങ്ങളുടെ തോറ്റം ചുഴലൽ ചടങ്ങ് നടന്നു. ബാലികമാരായ മംഗലം കുഞ്ഞുങ്ങൾ കുളിച്ചു കുറിയിട്ട് കോടിയുടുത്ത് മുല്ലപ്പൂമാലയും അലങ്കാരങ്ങളുമായി അച്ഛന്റെയോ അമ്മാമന്റെയോ ചുമലിരുന്ന് മുച്ചിലോട്ട് ഭഗവതി തോറ്റത്തിന്റെ മണങ്ങിയാട്ടത്തിന് പിന്നാലെ മൂന്ന് വട്ടം ക്ഷേത്രം വലം വെച്ചു. മുച്ചിലോട്ട് ഭഗവതിയുടെ മുടങ്ങിപ്പോയ പന്തൽ മംഗലത്തെ അനുസ്മരിക്കുന്ന ചടങ്ങാണിത്. മംഗലം കുഞ്ഞുങ്ങളുടെ പന്തൽ മംഗലത്തിനു ദൃക്‌സാക്ഷികളാകാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകി എത്തിയത്. അർദ്ധരാത്രി കുണ്ടോറ ചാമുണ്ഡിയുടെ തോറ്റത്തോടെയാണ് മൂന്നാം നാളിലെ ചടങ്ങുകൾ അവസാനിച്ചത്. ഇന്ന് പുലർച്ചെ 1.30 ന് അടുക്കളയിൽ എഴുന്നള്ളത്തോടെ പെരുങ്കളിയാട്ടത്തിന്റെ അവസാന നാളിലെ ചടങ്ങുകൾക്ക് തുടക്കമായി. രാത്രി 12 മണിക്ക് ഭഗവതിമാരുടെ തിരുമുടി എടുത്ത് വെറ്റിലാചാത്തോടെ പെരുങ്കളിയാട്ടത്തിന് പരിസമാപ്തിയാകും.
ഫുട്‌ബോൾ ടൂർണമെന്റ്
കൂടാളി: പൂവ്വത്തൂരിലെ രാഗീഷിന്റെ ചികിത്സാസഹായാർത്ഥം ഡി .വൈ .എഫ് .ഐയും ചെഗുവേര ക്ലബും നടത്തുന്ന ഫൈവ്‌സ് ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോൾ ടൂർണമെന്റ് ഒമ്പതിന് നടക്കും. 9ന് രാത്രി ഏഴു മുതൽ കൂടാളി ഹയർസെക്കണ്ടറി സ്‌കൂൾ സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്. പതിനായിരം, ആറായിരം രൂപയുടെ പ്രൈസ് മണിയും ട്രോഫിയും നൽകും. ആയിരം രൂപയാണ് ഗ്രൗണ്ട് ഫീസ്.
ആറുകോടി രൂപ അനുവദിച്ചു
തളിപ്പറമ്പ: തളിപ്പറമ്പ് മണ്ഡലത്തിൽ റോഡിന് ഫണ്ട് അനുവദിച്ച് കൊണ്ട് ഭരണാനുമതിയായി
തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ ആന്തൂർ മുനിസിപ്പാലിറ്റിയിലുള്ള പി.ഡബ്ല്യു.ഡി റോഡായ പാളിയത്ത് വളപ്പ്‌ചേരപാന്തോട്ടംവെള്ളിക്കീൽ കടവ് വരെയുള്ള നാല് കിലോമീറ്റർ റോഡ് വീതികൂട്ടി മെക്കാഡം ടാർ ചെയ്യുന്നതിനായി ആറ് കോടി രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായതായി ജയിംസ് മാത്യു എം.എൽ.എ അറിയിച്ചു.
ബൈക്ക് മോഷണം പോയി
തളിപ്പറമ്പ്: കുറ്റിക്കോലിൽ ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ വാഹന വിൽപ്പന സ്ഥാപനത്തിലെ ജീവനക്കാരനായ ചെമ്പേരി സ്വദേശി ജിബി ജോസിന്റെ ബൈക്ക് മോഷണം പോയി. ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ നിർത്തിയിട്ടതായിരുന്നു ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്ക്.പൊലീസിൽ പരാതി നൽകി.
എൻട്രൻസ് പരീക്ഷകൾക്ക് ഫെസ്സിലിറ്റേഷൻ സെന്റർ
പയ്യന്നൂർ: നീറ്റ് , കെ.ഇ.എ.എം.എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ജി.കെ.മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ പി.സി.കോംപ്ലക്‌സിൽ ഫെസ്സിലിറ്റേഷൻ സെന്റർ പ്രവൃത്തനം ആരംഭിച്ചു.
ഫോൺ: 4985 204721, 9447685099.
പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സ്ഥാപനത്തിന് പിഴ
അടച്ചുപൂട്ടാൻ നോട്ടീസ്
ന്യൂമാഹി: പൊതു സ്ഥലത്ത് മാലിന്യം തള്ളിയ സ്ഥാപനത്തിനെതിരെ ആരോഗ്യ വകുപ്പും പഞ്ചായത്തും നടപടിയെടുത്തു. 25000 രൂപ പിഴയൊടുക്കാൻ സ്ഥാപന ഉടമക്ക് നോട്ടീസ് നൽകി. സ്ഥാപനം അടച്ചുപൂട്ടാനും അധികൃതർ നോട്ടീസിൽ ആവശ്യപ്പെട്ടു.ദേശീയപാതയോരത്ത് പന്നോൽ കുറിച്ചിയിൽ മാതൃകക്ക് സമീപത്തെ വാട്‌സ് ആപ്പ് തട്ടു കടക്കെതിരെയാണ് നടപടി.
ദേശീയ പാതയോരത്ത് കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിനും പെട്ടിപ്പാലത്തിനും ഇടയിൽ റോഡരികിലും പെട്ടിപ്പാലത്തെ തോട്ടിലുമാണ് മാലിന്യം തള്ളിയത്. ചാക്കിൽ കെട്ടി നിറച്ച മാലിന്യങ്ങളുടെ കൂമ്പാരത്തിൽ നിന്നും അസഹനീയമായ ദുർഗ്ഗന്ധമാണ് അനുഭവപ്പെടുന്നത്.പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തിയത്.ചാക്കിൽ നിറച്ച മാലിന്യത്തിൽ നിന്നും തട്ടുകടയുടെ പേരിലുള്ള ബിൽ ബുക്കിന്റെ ഭാഗങ്ങൾ ലഭിച്ചതിനെ തുടർന്നാണ് സ്ഥാപനത്തിനെതിരെ നടപടി.
പഞ്ചായത്ത് അനുമതിയില്ലാതെ അനധികൃതമായി നിർമ്മിച്ച താത്കാലിക കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ അധികൃതർ ആവശ്യപ്പെട്ടു.
മാലിന്യം തള്ളിയ പ്രദേശം എസ്‌കവേറ്റർ ഉപയോഗിച്ച് ശുചീകരിച്ചതിന്റെ ചെലവും സ്ഥാപനമുടമ പഞ്ചായത്തിന് നൽകണം.
എസ്.എൻ.കോളേജിൽ സെമിനാർ
കണ്ണൂർ: ലോക തണ്ണീർത്തടദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ ശ്രീനാരായണ കോളേജിൽ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.ശിവദാസൻ തിരുമംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.പി.പ്രശാന്ത്, ഡോ.ഷില കാനാത്തി എന്നിവർ സംസാരിച്ചു. മലബാർ അവേർനസ് ആൻഡ് റസ്‌ക്യു സെന്റർ ഫോർ വൈൽഡ് ലൈഫിലെ ആർ റോഷ്‌നാഥ് ക്‌ളാസെടുത്തു. തീർത്ഥദിനേശ് നന്ദി പറഞ്ഞു.
പോക്‌സോ കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ
ചെറുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ പ്രകാരം ബസ് ഡ്രൈവർ അറസ്റ്റിലായി. ചെറുപുഴ മച്ചിയിൽ സ്വദേശി മാന്താറ്റിൽ ജോമോൻ മാത്യു (32) ആണ് അറസറ്റിലായത്. 13 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സ്‌കൂളിൽ കൗൺസിലിംഗ് നടത്തിയപ്പോഴാണ് കുട്ടി കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ചൈൽഡ് ലൈൻ അധികൃതർ ചെറുപുഴ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയുമായിരുന്നു. ചെറുപുഴ എസ്‌ഐ. എൻ.എം. ബിജോയി, അഡീഷണൽ എസ്‌ഐ. സി. തമ്പാൻ, സിവിൽ പോലീസ് ഓഫീസർമാരായ ഹേമന്ത്, മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ഇന്നലെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്ന് കോടതി റിമാൻഡ് ചെയ്തു.