കാസർകോട്: കഞ്ചാവ് മാഫിയക്കെതിരെ പ്രവർത്തിച്ചതിന്റെ വൈരാഗ്യത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി. ഇന്നലെ വൈകീട്ട് മിയാപദവ് പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് സിദ്ദീഖ് പള്ളത്തടുക്കയ്ക്ക് നേരെ അക്രമമുണ്ടായത്. രണ്ട് തവണ നിറയൊഴിച്ച സംഘത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. രണ്ട് മാസം മുമ്പ് എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിന്റെ ബൈക്കിൽ കാറിടിച്ച് പരിക്കേൽപ്പിച്ചതായി പറയുന്നു. ഹർഷാദ്, ഷാക്കിർ, റഹീം തുടങ്ങിയവരും കണ്ടാലറിയുന്ന രണ്ട് പേരും ചേർന്നാണ് വെടിവെച്ചതെന്ന് പരാതിയിൽ പറയുന്നു. മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി


അധോലോക സംഘത്തിന്റെ അക്രമം
കുമ്പളയിൽ മൂന്ന് കാറുകൾ തകർത്തു
കാസർകോട്: കുമ്പളയിൽ വീണ്ടും അധോലോക സംഘത്തിന്റെ അക്രമം. കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘം മൂന്ന് കാറുകൾ തകർത്തു. കുമ്പള ബദരിയ നഗറിലെ മുഹമ്മദ് റിയാസിന്റെയും സഹോദരങ്ങളുടെയും മൂന്ന് കാറുകളാണ് പുലർച്ചെ രണ്ട് മണിയോടെ തകർത്തത്. റഫീഖിന്റെ സംഘാംഗങ്ങളായ ഉപ്പളയിലെ മുന്ന, റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമമെന്നാണ് ആക്ഷേപം. വീടിന്റെ പുറത്തെത്തിയ സംഘം റിയാസിനോട് പുറത്തിറങ്ങാൻ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിയാസ് പുറത്തിറങ്ങിയില്ല. എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ ഒരു ക്വട്ടേഷൻ കിട്ടിയിട്ടുണ്ടെന്നും അത് തീർക്കണമെന്നുമാണ് പറഞ്ഞതെന്ന് റിയാസ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഉപ്പളയിലെ ഒരു യുവതിയെ കാണാൻ റിയാസ് പോയിരുന്നതായും ഇവരുടെ ബന്ധുക്കൾ ക്വട്ടേഷൻ നൽകിയെന്നുമാണ് വിവരം. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒരു ടൊയോട്ട, രണ്ട് ആൾട്ടോ കാറുകളുമാണ് തകർത്തത്. കുമ്പള സി.ഐ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


സ്‌കൂളിനെതിരെ പോസ്റ്റ്

പൊലീസ് കേസെടുത്തു
കാസർകോട്: സ്‌കൂളിനെതിരെ വർഗീയ വിദ്വേഷം പരത്തുന്ന രീതിയിൽ വീഡിയോ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു. ഉളിയത്തടുക്കയിലെ നൗഫലിനെതിരെയാണ് 153 എ വകുപ്പ് പ്രകാരം കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. നെല്ലിക്കുന്ന് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ മിനി ജോണിന്റെ പരാതിയിലാണ് കേസ്. സ്‌കൂളിനെതിരെയും വിദ്യാർത്ഥിനികൾക്കെതിരെയും വ്യാജപ്രചരണം നടത്തുകയും വർഗീയ വിദ്വേഷം പരത്തുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി.