ചെറുവത്തൂർ: കയ്യൂർ മുണ്ട്യ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം നവീകരണ കലശ മഹോത്സവം ഇന്ന് മുതൽ 10 വരെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ പത്തുമണിക്ക് കയ്യൂർ വേട്ടക്കൊരു മകൻ കോട്ടം ക്ഷേത്രത്തിൽ നിന്നും ചെറിയാക്കര വീതുപുരക്കലിൽ നിന്നുമുള്ള കലവറ ഘോഷയാത്രയോടെ ചടങ്ങുകൾ ആരംഭിക്കും. വൈകീട്ട് 3ന് തന്ത്രി വരവേൽപ്പ്, തുടർന്ന് അഞ്ചരയോടെ കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഉദ്ഘാടനം ചെയ്യും.

ഉത്തരമേഖലാ മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. സി.കെ. നാരായണ പണിക്കർ സുവനീർ ഏറ്റുവാങ്ങും. തുടർന്ന് കലാസന്ധ്യ അരങ്ങേറും. നാളെ രാവിലെ ഒൻപതരയ്ക്ക് നടക്കുന്ന മാതൃസംഗമം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജാനകി ഉദ്ഘാടനം ചെയ്യും. നാട്ടക് കേരള സെക്രട്ടറി ശൈലജ മാവേലിക്കര മുഖ്യാതിഥിയാകും.തുടർന്ന് കരാക്കെ ഗാനമേള, ഭക്തിഗാനസുധ, മറത്തുകളി, പൂരക്കളി പ്രദർശനവും നടക്കും.വൈകീട്ട് 7ന് നാടൻകലാസംഗമം ഫോക്‌ലോർ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ ഉദ്ഘാടനം ചെയ്യും. 9ന് രാവിലെ 10 മണിക്ക് നടക്കുന്ന ആചാരസംഗമവും മേൽപ്പന്തൽ സമർപ്പണവും പി. കരുണാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ. വാസു മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ പി വി കുഞ്ഞിക്കണ്ണൻ. രാഘവൻ മാട്ടുമ്മൽ,രാഘവൻ മാട്ടുമ്മൽ,ടി പ്രഭാകരൻ,നാരായണൻ തെരുവത് പി വി രതീഷ്, വിജയൻ പങ്കെടുത്തു.

ഓട തകർന്ന് ലോറി ചെരിഞ്ഞു

തൃക്കരിപ്പൂർ: എം.സി. ആശുപത്രി പരിസരത്ത് റോഡരികിലെ ഓടയ്ക്ക് മുകളിൽ പാർക്ക് ചെയ്ത ലോറി സ്ളാബ് തകർന്ന് താണു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ജില്ലിപ്പൊടിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പിറകിലത്തെ രണ്ടു വീലുകളും കുഴിയിൽ താണുപോയതോടെ ലോറി ഒരുവശത്തേക്ക് ചരിയുകയായിരുന്നു. തുടർന്ന് ജില്ലിപ്പൊടി മാറ്റി ജെ.സി.ബി ഉപയോഗിച്ച് കെട്ടിവലിച്ച് വാഹനത്തെ നീക്കി.

അനുസ്മരിച്ചു

കാഞ്ഞങ്ങാട്: അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ജോർജ്ജ് ഫെർണാണ്ടസിനെ അനുസ്മരിക്കാൻ കൊവ്വൽ സ്റ്റോർ ജെ.പി. സാംസ്‌കാരിക സെന്ററിൽ ചേർന്ന യോഗം എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞമ്പാടി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ, സി.പി.ഐ. നേതാവ് എം. നാരായണൻ, കോൺഗ്രസ് നേതാവ് എം. കുഞ്ഞികൃഷ്ണൻ, സി.പി..എം നേതാവ് അഡ്വ. രാജ് മോഹൻ, മുസ്ലീം ലീഗ് നേതാവ് ഹമീദ് ഹാജി, കെ.വി. രാമചന്ദ്രൻ, കെ. ദിവ്യ, പനങ്കാവ് കൃഷ്ണൻ, എം. കുമാരൻ, പി.വി. കുഞ്ഞിരാമൻ എന്നിവൻ സംസാരിച്ചു. സെക്രട്ടറി കെ. അമ്പാടി സ്വാഗതവും ട്രഷറർ പി.വി. തമ്പാൻ നന്ദിയും പറഞ്ഞു.

ലൈറ്റ് സ്ഥാപിക്കുന്നു

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ എസ്.എം.എൽ.ഇ.ഡി തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നു. പദ്ധതി ഫണ്ടായ 3.75 ലക്ഷം ചെലവിൽ അതിർത്തി പ്രദേശങ്ങളായ പോളിടെക്നിക് മുതൽ ഒളവറ പാലം വരെയാണ് 60 ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഗ്രാമകിരൺ നിർമ്മിച്ചു നൽകുന്ന 90 വാട്ട് ലൈറ്റുകൾക്ക് രണ്ട് വർഷം വാറണ്ടിയുണ്ട്. ആദ്യഘട്ടമായി നഗരത്തിൽ 10 ലൈറ്റുകൾ സ്ഥാപിച്ചു. ഇതോടൊപ്പം 23 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനാണ് നീക്കം.