പേരാവൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും പേരാവൂർ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ കുനിത്തല നവജ്യോതി സ്വാശ്രയ സംഘം സംഘടിപ്പിക്കുന്ന ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് ഇന്ന് പത്തു മണി മുതൽ രണ്ടു മണി വരെ കുനിത്തല ശ്രീ നാരായണ മഠം ഹാളിൽ നടക്കും.


വാണിയില്ലം ക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും.

പയ്യന്നൂർ: കരിവെള്ളൂർ വാണിയില്ലം സോമേശ്വരി ക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം 8, 9, 10 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൂജാകർമ്മങ്ങൾക്ക് തന്ത്രി കാളകാട്ടില്ലത്ത് മധുസൂദനൻ തന്ത്രി കാർമികത്വം നൽകും.
9 ന് വൈകിട്ട് 3.30ന് സാംസ്‌കാരിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രാഘവന്റെ അദ്ധ്യക്ഷതയിൽ എം രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ വിവിധ മേഖലകളിൽ പുരസ്‌കാരം നേടിയ കോട്ടമ്പത്ത് ബാലകൃഷ്ണൻ, അശോകൻ മണക്കാടൻ, ടി.വി.തമ്പായി, ടി.വി.ശ്രീരാജ് എന്നിവരെ ആദരിക്കും. ഏഴു മണിക്ക് വനിതാ കൂട്ടായ്മയുടെ മെഗാ തിരുവാതിര അരങ്ങേറും. 10ന് രാവിലെ 8.50 മുതൽ പ്രതിഷ്ഠ ബ്രഹ്മകലശപൂജ, കലശാഭിഷേകം. ഉച്ചക്ക് 12 മുതൽ അന്നദാനം നടക്കും. വാർത്താ സമ്മേളനത്തിൽ കെ.രാഘവൻ, കെ.പി.രാഘവൻ മാസ്റ്റർ, വി.വിജയൻ, ഇ.പി.രാമചന്ദ്രൻ ,കെ.പി.രമേശൻ, ആർ.വിനോദ് എന്നിവർ പങ്കെടുത്തു.


മാർബിൾ ആന്റ് ടൈൽസ് വർക്കേഴ്‌സ് അസോസിയേഷൻ മേഖലാ സമ്മേളനം ഇന്ന്

പിലാത്തറ: കേരള മാർബിൾ ആന്റ് ടൈൽസ് വർക്കേഴ്‌സ് അസോസിയേഷൻ മേഖലാ സമ്മേളനം ഏഴിന് പിലാത്തറ സംഗം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തു മണിക്ക് മുൻ എം.എൽ.എ. സി.കെ.പി.പദ്മനാഭൻ ഉദ്ഘാടനംചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.പങ്കജാക്ഷൻ മുഖ്യാതിഥിയാകും.മുതിർന്ന തൊഴിലാളികളെ സംസ്ഥാന പ്രസിഡന്റ് ജനാർദ്ദനൻ ചെറുക്കാട് ആദരിക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് കെ.വി.സുനിൽകുമാർ, സെക്രട്ടറി രമേശൻ എടാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രൻ പയ്യന്നൂർ, ട്രഷറർ കെ.വി.രാജു കുഞ്ഞിമംഗലം എന്നിവർ പങ്കെടുത്തു.

കർഷകർ അപേക്ഷ നൽകണം

ചെറുപുഴ: ചെറുപുഴ കൃഷിഭവൻ പരിധിയിൽ എസ്.എച്ച്.എം. സ്‌പെഷ്യൽ പാക്കേജ് പദ്ധതി പ്രകാരം വാഴ കൃഷിയും ഹൈബ്രിഡ് പച്ചക്കറി കൃഷിയും ചെയ്ത കർഷകർ ക​ൃഷിഭവനിൽ നികുതി രസീത്,ബാങ്ക് പാസ് ബുക്ക്, ആധാർ എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ നൽകണം. സി.ഡി.ബി.പദ്ധതി പ്രകാരം പത്തിൽ കുറയാത്ത തെങ്ങുകളുള്ള കർഷകർ 11 ന് വൈകുന്നേരം അഞ്ചിന് മുൻപായി നികുതി രസീത്, ആധാർ എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ നൽകണം.