വരുന്നവരെ ആരെയും മടക്കി അയക്കാതെ ഒരു ദ്വീപ്. കെനിയയിലെ ടെർക്കാന തടാകത്തിലെ എൻവായ്‌റ്റേനെറ്റിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ടെർക്കാന തടാകത്തിൽ അനേകം ചെറുദ്വീപ സമൂപങ്ങളുണ്ട്. വിവിധ ഗോത്രവിഭാഗങ്ങളായിരുന്നു ഇവിടങ്ങളിൽ താമസിച്ചുവന്നിരുന്നത്. മത്സ്യബന്ധമായിരുന്നു ഉപജീവനമാർഗം. ലഭിക്കുന്ന മീനുകൾ പരസ്പരം കൈമാറുകയും ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിൽ നിന്നെല്ലാം എൻവായ്റ്റേനെറ്റ് ദ്വീപുകാർ അകന്നുനിന്നു. 1900കളിൽ ദ്വീപിൽ അറുപതോളം കുടുംബങ്ങൾ താമസിച്ചിരുന്നതായാണ് പറയുന്നത്. എന്നാൽ ഒരു കാലത്ത് ഇവരെ കാണാതെയായി.രാത്രികാലങ്ങളിൽ എൻവായ്‌റ്റേനെറ്റിൽ നിന്ന് അട്ടഹാസങ്ങളും നിലവിളികളും കേൾക്കാറുണ്ടെന്ന് സമീപ ദ്വീപുകളിലുളളവർ അന്ന് പറയുന്നു. ആൾസാന്നിധ്യമില്ലാത്ത ദ്വീപിലേക്ക് ചിലർ അന്വേഷിക്കാൻ ചെന്നെങ്കിലും ഇവരാരും തിരികെ എത്താത്തത് പിന്നീട് ദുരൂഹതയായി. 'വിവിയൻ ഫ്യൂച്ച്'എന്ന അമേരിക്കൻ ഭൗമ ശാസ്ത്രഞ്ജൻ വഴിയാണ് ഈ വാർത്തകൾ പുറംലോകമറിയുന്നത്. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പഠിക്കാൻ 1934ൽ ഫ്യൂച്ചും സംഘവും ഈ ദ്വീപസമൂഹങ്ങളിൽ വരികയുണ്ടായി. എന്നാൽ നിഗൂഢതകൾ തങ്ങിനിൽക്കുന്ന ദ്വീപിലേക്ക് പോയ രണ്ടുപേരെ ഇവർക്ക് നഷ്ടമായി.
എല്ലാവരെയും കൊല്ലുകയാണെന്ന ഇവരുടെ റേഡിയോ സംസാരം മാത്രമായിരുന്നു പഠനസംഘത്തിന് ലഭിച്ചതെന്നാണ് പറയുന്നത്. ചെറുവിമാനങ്ങൾ ഉപയോഗിച്ചുവരെ നടത്തിയ തെരച്ചിലിൽ ജീവന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. ആയുധങ്ങളും ഗവേഷണ സാമഗ്രികളുമായി ദ്വീപിലേക്ക് പോയവരെ കാണാതായത് ഗോത്രാക്കാരുടെ ഭയം വർദ്ധിപ്പിക്കുകയായിരുന്നു. രാത്രികാലങ്ങളിൽ പുകപോലുള്ള ചില രൂപങ്ങൾ ദ്വീപിലെ വീടുകൾക്ക് മുന്നിൽ വരുമെന്നും മനുഷ്യരൂപമുള്ള ഇവരെ തൊടുന്നവരും അതിനൊപ്പം അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതാകുമെന്നുമുള്ള പലപല കഥകൾ പിന്നീട് ഇതിനെ ചുറ്റിപ്പറ്റി പറഞ്ഞുവരുന്നു.