കണ്ണൂർ: സ്വകാര്യബസുകളുടെ പെർമിറ്റ് ടേക്ക് ഓവറായി ഏറ്റെടുത്ത് കെ.എസ്.ആർ.ടി.സി മലബാറിലെ യാത്രക്കാരെ പിഴിഞ്ഞൂറ്റുന്നതായി ആക്ഷേപം. ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാവുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ സ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചറായി എത്തുന്ന കോർപറേഷന്റെ സാധാരണ നിലവാരം പോലുമില്ലാത്ത ബസുകൾ നാൽപത് ശതമാനത്തോളമാണ് അധികമായി പറ്റുന്നത്.
ചുരുങ്ങിയ ചിലവിൽ സഞ്ചരിക്കാവുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഒഴിവായ സ്ഥാനത്താണ് ഫാസ്റ്റ് പാസഞ്ചറുകളാക്കി ഓടുന്നത്. കൂടിയ നിരക്കിനൊപ്പം സെസ് എന്ന പേരിലും അധിക തുക ഈടാക്കുന്നുണ്ട്. നേരത്തെ നീലേശ്വരത്ത് നിന്നും ധർമ്മശാലയിലേക്ക് 43 രൂപയ്ക്ക് സഞ്ചരിക്കാമെന്നിരിക്കെ 60 രൂപയാണ് യാത്രക്കാരൻ നൽകേണ്ടി വരുന്നത്.
മലബാറിൽ കെ.എസ്.ആർ.ടി.സിയുടെ സാന്നിദ്ധ്യം കുറവായിരുന്ന കാലത്ത് കുറഞ്ഞ സ്റ്റോപ്പും നിരക്കും എന്ന വാഗ്ദാനത്തോടെയാണ് ടൗൺ ടു ടൗൺ സർവീസ് ആരംഭിച്ചത്. എന്നാൽ സ്വകാര്യബസുകളുടെ പെർമിറ്റ് ടേക് ഓവർ ചെയ്ത് ഏറ്റെടുത്ത കോർപറേഷൻ ഇവയ്ക്ക് ഫാസ്റ്റ് പെർമിറ്റാക്കുകയായിരുന്നു. ചാർജ് കൂടുതൽ കിട്ടുമെന്നതിനാൽ ഇപ്പോൾ ടി.ടി സർവീസുകൾ വെട്ടിച്ചുരുക്കി ഫാസ്റ്റിനെ പ്രോത്സാഹിപ്പിക്കുകയാണ്.ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്കരണത്തിന്റെ പേരിൽ പല സർവീസുകളുടെ ദൂരവും കുറച്ചിട്ടുണ്ട്. ഉച്ചയ്ക്ക് നീലേശ്വരം ഭാഗത്ത് നിന്നും കണ്ണൂരേക്ക് നേരിട്ട് ബസ് കിട്ടാത്തതോടെ പയ്യന്നൂർ വരെയുള്ള ബസിലെത്തി മാറിക്കയറേണ്ട സാഹചര്യമാണ്. ഇങ്ങനെ സഞ്ചരിക്കുമ്പോൾ ടൗൺ ടു ടൗൺ ബസായാലും 58 രൂപയോളം യാത്രക്കാരന് കൊടുക്കേണ്ടിവരുന്നു. നേരിട്ടുള്ള ടി.ടി. സർവീസിൽ നീലേശ്വരത്ത് നിന്ന് കണ്ണൂരിലേക്ക് സെസ് അടക്കം 53 രൂപ നൽകുന്നിടത്താണിത്. സ്വകാര്യബസുകൾ അൻപത് രൂപ മാത്രമാണ് ഈ സ്ഥാനത്ത് ഈടാക്കുന്നത്.
കണ്ണൂർ-കാസർകോട് റൂട്ടിൽ ടി.ടിയേക്കാൾ ഉയർന്ന നിരക്ക് വാങ്ങുമ്പോഴും ലോക്കൽ സ്റ്റോപ്പുകളിൽ ഫാസ്റ്റ് ബസുകൾ നിർത്തുന്നതും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. രാജമാണിക്യം എം.ഡിയായിരുന്നപ്പോൾ തുടങ്ങിയ പ്രതിമാസ കാർഡുകൾ പിൻവലിച്ചതും സ്ഥിരം യാത്രികർക്ക് തിരിച്ചടിയായി. ഒരേ സമയം കൊണ്ട് ഓടിയെത്താവുന്ന റൂട്ടിൽ ചാർജ്ജിലെ അന്തരം അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ വാദം.