കണ്ണൂർ: പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ കൊട്ടിഘോഷിച്ച് കെ.എസ്.ആർ.ടി.സി ആരംഭിച്ച ചെയിൻ സർവീസ് കനത്ത നഷ്ടത്തിൽ. സ്വകാര്യ ബസുകളുമായുള്ള മത്സരത്തിനൊപ്പം ഡ്യൂട്ടി പരിഷ്കരണവും വന്നതോടെ സർവീസുകൾ കുത്തനെ വെട്ടി ചുരുക്കി. തുടക്കത്തിൽ പയ്യന്നൂർ, കണ്ണൂർ ഡിപ്പോകൾ സംയുക്തമായി 11 സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും ഇപ്പോൾ വെറും മൂന്ന് ബസുകൾ മാത്രമാണ് ഓടുന്നത്.
പതിനായിരം രൂപയോളം വരുമാനമുണ്ടായിരുന്ന റൂട്ടുകളിലെ ബസുകൾ പിൻവലിച്ച് ആരംഭിച്ച ഈ സർവീസുകൾക്ക് 3000 രൂപയാണ് പ്രതിദിന കളക്ഷൻ. ഞായറാഴ്ചയും അവധി ദിനങ്ങളിലും ഇതും ലഭിക്കില്ല. ഡീസലിന് പോലും പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഈ നിലയിൽ തുടരേണ്ടെന്നാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. അതേസമയം സ്വകാര്യ ഓപ്പറേറ്റർമാർ സംയുക്തമായി ഇടപെട്ട് ചെയിൻ സർവീസിന്റെ വരുമാനം കുറക്കുന്നുവെന്നാണ് ജീവനക്കാരുടെ ആരോപണം. മുന്നിലും പിറകിലും ഓടുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിൽ മൊബൈലിൽ സന്ദേശം കൈമാറി സ്റ്റോപ്പുകളിൽ അധിക സമയം നിർത്തിയിട്ടാണ് യാത്രക്കാരെ പരമാവധി എടുക്കുന്നത്. ഇതോടെ ചെയിൻ സർവീസിൽ കാര്യമായ യാത്രക്കാരെ കിട്ടുന്നുമില്ല. ഇത് പരിഹരിക്കാനുള്ള ഇടപെടലാണ് വേണ്ടതെന്നാണ് ഇവരുടെ പക്ഷം. മികച്ച റോഡുണ്ടായിട്ടും കെ.എസ്.ആർ.ടി.സിയ്ക്ക് പ്രയോജനപ്പെടുത്താൻ സാധിക്കാത്തതിലും ഇവരിൽ അമർഷമുണ്ട്.
2018 ഏപ്രിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് സർവീസ് ഉദ്ഘാടനം ചെയ്തത്. തിരക്കേറിയ സമയത്ത് 15 മിനിട്ടിലും അല്ലാത്തപ്പോൾ 25 മിനിട്ടിലും സർവീസ് നടത്താമെന്നായിരുന്നു തീരുമാനം. എന്നാൽ ഒരു വർഷം പോലും തികയും മുൻപെ പൂർണമായും ബസുകൾ പിൻവലിഞ്ഞ് തുടങ്ങിയിട്ടുണ്ട്. 16 വർഷം മുൻപും ചെയിൻ സർവീസ് ആരംഭിച്ചിരുന്നെങ്കിലും സമാനമായ സാഹചര്യത്തിൽ നിലയ്ക്കുകയായിരുന്നു. ഇത്തവണ ചെയിൻ സർവീസ് ആരംഭിച്ചപ്പോൾ തന്നെ സ്വകാര്യ ഓപ്പറേറ്റർമാർ സമരത്തിന് ആഹ്വാനവും നടത്തിയിരുന്നു. ഇത്തരം നീക്കവും ചെയിൻ സർവീസ് നിലക്കാൻ കാരണമായെന്ന് നാട്ടുകാർ ആരോപിക്കുന്നു.
രാവിലെ അഞ്ചിനും ആറിനും ആറരയ്ക്കും സർവീസുകൾ അയക്കുന്നുണ്ട്. വണ്ടികൾ അറ്റകുറ്റപ്പണിക്കായി കയറ്റിയതാണ് പ്രശ്നം. ഇത് പരിഹരിച്ചാലുടൻ ബസുകൾ നിരത്തിലിറങ്ങും--കെ.എസ്.ആർ.ടി.സി. ഡിപ്പോ അധികൃതർ
ബസുകൾ കൃത്യ നിഷ്ടത പാലിക്കണമെന്നും ജീവനക്കാരെ ഒരു വർഷത്തേക്ക് മാറ്റരുതെന്നും ചെയിൻ സർവീസ് തുടങ്ങുന്ന കാലത്ത് തന്നെ ഓർമ്മിപ്പിച്ചതാണ്. എന്നാൽ ഇത് രണ്ടും പാലിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഗ്രാമീണ മേഖല മേഖലകളിലേക്കുള്ള സർവീസുകൾ മുടങ്ങുന്ന വിഷയം കോർപറേഷന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്-ടി.വി. രാജേഷ് എം.എൽ.എ