കാഞ്ഞങ്ങാട്: കൂടുതൽ സ്ത്രീധനവും സ്വർണ്ണവും ആവശ്യപ്പെട്ട് ഭാര്യയെ മാനസീകമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന കേസിൽ ഭർത്താവിനും ഭർതൃബന്ധുക്കൾക്കുമെതിരെ കോടതിയിൽ കുറ്റപത്രം. കാസർകോട് തളങ്കര തെരുവത്ത് ഉനൈസ് മൻസിലിൽ അബ്ദുൾ ഇജാസ് (34), മാതാവ് കെ. നഫീസ (65), സഹോദരി ആയിഷ(42) എന്നിവർക്കെതിരെയാണ് കുറ്റപത്രം. അബ്ദുൾ ഇജാസിന്റെ ഭാര്യ നീലേശ്വരം ചിറപ്പുറം അപ്പാട്ടില്ലത്ത് ഫാത്തിമത്ത് ഷംനയുടെ (22) പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2015 ഒക്ടോബർ ഒന്നിനാണ് ഇവർ വിവാഹിതരായത്. ഈ ബന്ധത്തിൽ രണ്ടുകുട്ടികളുണ്ട്. വിവാഹസമയത്ത് എൺപത് പവൻ സ്വർണ്ണാഭരണങ്ങളും അഞ്ചരലക്ഷം രൂപയുടെ കാറും നൽകിയിരുന്നു. വിവാഹശേഷം ജോലിക്കൊന്നും പോകാതെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടിയ അബ്ദുൾ ഇജാസ് കാറും സ്വർണ്ണവുമെല്ലാം വിറ്റ് ധൂർത്തടിച്ച് തീർത്തശേഷം വീണ്ടും സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസീകമായും പീഡിപ്പിക്കാൻ തുടങ്ങിയെന്നും ഇതിന് ഉമ്മയും സഹോദരിയും കൂട്ടുനിൽക്കുകയാണെന്നുമാണ് പരാതി. നന്നേ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞ് വേറെ വിവാഹം കഴിച്ച് ജീവിതം തുടങ്ങിയതിനാൽ ഒറ്റപ്പെട്ടുപോയ ഫാത്തിമ ഷംനയെ ഉപ്പൂപ്പയും ഉമ്മൂമ്മയുമാണ് വളർത്തിയതും സംരക്ഷിച്ചതും. നല്ല നിലയിൽ തന്നെ വിവാഹം കഴിച്ചയക്കുകയും ചെയ്തു. എന്നിട്ടും കുറച്ചുകാലത്തിന് ശേഷം അവർതന്നെ തന്നെയും തന്റെ മക്കളെയും സംരക്ഷിക്കേണ്ട അവസ്ഥയിലാണെന്നും ഫാത്തിമത്ത് ഷംന പറയുന്നു.
പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി
വിമാനത്താവളത്തിൽ പിടിയിൽ
കാഞ്ഞങ്ങാട്: സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചുവരികയായിരുന്ന സിവിൽ പൊലീസ് ഓഫീസറെ സംഘം ചേർന്നാക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ ഗൾഫിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ വിമാനത്താവളത്തിൽ പിടികൂടി.
അമ്പലത്തുകര ആലയികുന്നിലെ എം. രഞ്ചിത്താണ് (28) കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായത്.
2016 ഡിസംബർ 31 ന് രാത്രി ആലയി ആളൊഴിഞ്ഞ സ്ഥലത്ത് പുതുവർഷാഘോഷം നടത്തുകയായിരുന്ന രഞ്ചിത്തും സംഘവും അതുവഴിവന്ന ഹോസ്ദുർഗ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മധുവിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ആറുപേർക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതിൽ രണ്ടുപേർ ഗൾഫിലേക്ക് മുങ്ങിയതിനെ തുടർന്ന് ഇവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് തിരിച്ചുവരുന്നതിനിടയിൽ ഒരാൾ വിമാനത്താവളത്തിൽ പിടിയിലായത്.