മട്ടന്നൂർ: ചാവശ്ശേരിയിലെ അമ്മൂസ് ബേക്കറി, ടി.പി.എൻ ന്യൂസ്റ്റോർ, ഗ്രാൻഡ് ബേക്കറി, ശ്രേയസ് റബർ ഉത്പാദക സംഘം, നിർമ്മല ഫൈനാൻസ് എന്നീ സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം . ഷട്ടർ തകർത്ത് അകത്ത് കയറിയ സംഘം ടി.പി.എം ന്യൂസ്റ്റോറിൽ നിന്ന് മൂവായിരം രൂപയും ബേക്കറിയിൽ നിന്ന് പലഹാരങ്ങളും കവർന്നു. കഴിഞ്ഞ മാസവും ബേക്കറിയിൽ മോഷണ ശ്രമമുണ്ടായിരുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഒരാൾ ബൈക്കിലെത്തി കടയ്ക്ക് മുന്നിൽ നിർത്തുന്നതും രണ്ട് പേർ കടന്നു പോകുന്നതും സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ചാവശ്ശേരി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കർണ്ണാടക സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു. മട്ടന്നൂർ എസ്.ഐ. ശിവൻ ചോടത്തും കണ്ണൂരിൽ നിന്നുള്ള വിരലടയാള വിദഗ്ദരും പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഇരിട്ടി പാലത്തിനു സമീപത്തു നിന്ന് കാണാതായ ബൈക്കാണ് ചാവശ്ശേരിയിലെ കടയ്ക്ക് മുന്നിൽ കണ്ടെത്തിയത്. ഈ ബൈക്കാണ് മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടെ ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.