കാസർകോട്: മഞ്ചേശ്വരത്തും കാസർകോടും സി.പി.എം, ബി.ജെ.പി പൊലീസ് ബാന്ധവമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകയോഗം കുറ്റപ്പെടുത്തി. അക്രമത്തിന് വിധേയരായവരേയും സമാധാന ശ്രമം നടത്തിയവരേയും സംരക്ഷിക്കുന്നതിന് പകരം കള്ളക്കേസ്സിൽ കുടുക്കി ജയിലിലടക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. മുഴുവൻ അക്രമ സംഭവങ്ങളിലും കേസെടുക്കാനും കുറ്റവാളികളെ പിടികൂടാനും പൊലീസ് നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പുനൽകി. പ്രസിഡന്റ് എം.സി.ഖമറുദ്ദീൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിയും ജില്ലാ നീരീക്ഷകനുമായ അബ്ദുൽ റഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
ജനകീയാസൂത്രണവും കുടുംബശ്രീയും
മനസിലാക്കാൻ മിസോറാമിൽ നിന്നും
ചെറുവത്തൂർ: വികസനത്തിന്റെ കേരള മോഡലായ ജനകീയാസൂത്രണ പദ്ധതികളുടെയും കുടുംബശ്രീയുടെയും പൊരുൾതേടി മിസോറാമിൽ നിന്നുള്ള സ്റ്റേറ്റ് ലൈവ്‌ലി ഹുഡ് മിഷൻ പ്രവർത്തകർ ചെറുവത്തൂർ പഞ്ചായത്തിലെത്തി. പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും എങ്ങിനെ ഇടപെടുന്നുവെന്നു നേരിട്ട് മനസ്സിലാക്കാനാണ് മിസോറാം സർക്കാരിന്റെ പത്തംഗ സംഘം ചെറുവത്തൂരിലെത്തിയത്.
ഇന്ത്യക്ക് തന്നെ മാതൃകയായ ജനകീയാസൂത്രണം മിസോറാമിലും പ്രാവർത്തികമാക്കാനുള്ള നടപടിയുടെ ആദ്യഘട്ട അന്വേഷണമായാണ് ഇവിടെയെത്തിയതെന്ന് ടീം ലീഡർ ലാലുണ് സ്വവ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറയുമായും മറ്റ് അംഗങ്ങളുമായും പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൽ, പദ്ധതി നിർവഹണം, ഗ്രാമ പഞ്ചായത്തിന്റെ ഘടന, ഉദ്യോഗസ്ഥ സംവിധാനം, ലഭ്യമാകുന്ന വിവിധതരം ഫണ്ടുകൾ, തിരഞ്ഞെടുപ്പ് പ്രക്രിയ, ഗ്രാമസഭ, കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ വിവരങ്ങൾ ചർച്ച ചെയ്യുകയും വിവരങ്ങൾ ശേക്ഷരിക്കുകയും ചെയ്തു.
രാവിലെ ചെറുവത്തൂരിലെത്തിയ ടീമിനു പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. ഇവർ മൂന്നു ദിവസത്തോളം ചെറുവത്തൂരിൽ ഉണ്ടാകും. ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചർച്ചയിലും അഭിമുഖത്തിലും ജില്ലാ മിഷൻ എ.ഡി.എം സി. ഹരിദാസൻ, ഡി.പി.എം ഷീബ, സി.ഡി.എസ് ചെയര്‌പേഴ്സൺ റീന, കുടുംബശ്രീ എൻ.ആർ.ഒ അംഗങ്ങളായ കൃഷ്ണൻകുട്ടി നായർ, ശാന്തകുമാർ, ഗ്രീഷ്മ എന്നിവരും പങ്കെടുത്തു. ഉദ്യോഗസ്ഥ സംഘം ടീമിനൊപ്പം അനുഗമിക്കുന്നുണ്ട്.