kanakadurga

കണ്ണൂർ: കോടതി ഉത്തരവ് പ്രകാരം തനിക്ക് ഭർതൃവീട്ടിൽ കയറാനായെങ്കിലും മക്കളില്ലാത്തതിന്റെ വിഷമത്തിലൂടെയാണ് ഓരോ നിമിഷവും ഇവിടെ കഴിച്ചു കൂട്ടുന്നതെന്ന് ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗ പറയുന്നു. വീട്ടിൽ കയറാനും കുട്ടികൾക്കൊപ്പം കഴിയാനും സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ നല്കിയ ഹർജിയിൽ പുലാമന്തോൾ ഗ്രാമ ന്യായാലയമാണ് വിധി പ്രസ്താവിച്ചത്. ഇതേതുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് കനകദുർഗ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്തെ വീട്ടിലെത്തിയത്. എന്നാൽ കനകദുർഗയ്‌ക്കൊപ്പം താമസിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ് ഭർത്താവ് കൃഷ്ണനുണ്ണിയും മാതാവ് സുമതിഅമ്മയും വാടകയ്ക്ക് വീടെടുത്ത് താമസം മാറുകയായിരുന്നു.

ഇപ്പോൾ ഞാൻ വീട്ടീൽ തനിച്ചാണ്. ആരുടെയൊക്കെയോ ശക്തമായ ഭീഷണി മൂലമോ സമ്മർദ്ദം മൂലമോ ആണ് ഭർത്താവ് ഇത്തരത്തിൽ പെരുമാറുന്നത്. കുട്ടികളെ ഇതുവരെ കാണാനായിട്ടില്ല. പ്രതിഷേധമുണ്ടെന്ന് ഉറപ്പാണെങ്കിലും ഇതിങ്ങനെ നീണ്ടുപോകുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും കനകദുർഗ 'ഫ്ളാഷി'നോട് പറഞ്ഞു.

അമ്മ സ്വമേധയാ ആവശ്യപ്പെടില്ല
അഡ്വ. ബിന്ദുവും കനകദുർഗയും ശബരിമല ദർശനത്തിന്‌ പോയതിന് പിന്നിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇക്കാര്യത്തിൽ ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കനകദുർഗയുടെ മാതാവ്‌ ഭാർഗവി കേന്ദ്രത്തിന് കത്തെഴുതിയെന്ന വാർത്തകളോടും അവർ പ്രതികരിച്ചു. എന്റെ അമ്മ അത്തരത്തിൽ സ്വമേധയാ ആവശ്യപ്പെടില്ല. അമ്മയ്ക്ക് പ്രായമുണ്ടെങ്കിലും പുരോഗമനപരമായി ചിന്തിക്കുന്നയാളാണ്. എനിക്ക് എല്ലാ കാര്യങ്ങളിലും പിന്തുണ നല്കിയിരുന്നു. എന്നാൽ ശബരിമലയിൽ പോയത് അമ്മയോട് പറഞ്ഞിട്ടല്ല. ഇതിനുശേഷം വിളിച്ചപ്പോൾ അമ്മ തലകറങ്ങിവീണതും മറ്റുമുള്ള വിശേഷങ്ങളാണ് തിരക്കിയത്. പരാതി നല്കിയിട്ടുണ്ടെങ്കിൽ അസുഖങ്ങളുള്ള അമ്മയെ കൊണ്ട് അത് ചെയ്യിച്ചതാണ്. മാദ്ധ്യമങ്ങൾക്ക് മുന്നിലെ പ്രതികരണവും ഇതുപോലെ തന്നെ.
പൊലീസ് സുരക്ഷ ലഭിക്കുന്നുണ്ട്. എങ്കിലും ഭീഷണികൾ കത്തുകളായി വന്നുകൊണ്ടിരിക്കുന്നു.

ഭീഷണികളെ ഭയക്കുന്നില്ല
ജോലിക്ക്‌ പോകുന്നുണ്ട്. അങ്ങാടിപ്പുറത്ത് പ്രവർത്തിക്കുന്ന സപ്ളൈകോ താലൂക്ക്‌ ഡിപ്പോയിലാണ് ജോലി. അവിടെ എല്ലാവരും നല്ല പിന്തുണയാണ് നല്കുന്നത്.
ഭീഷണികളെ ഞാൻ ഭയക്കുന്നില്ല. കാരണം ജനദ്രോഹപരമായ ഒരു പ്രവൃത്തിയും ഇതുവരെ ചെയ്തിട്ടില്ല.

(കഴിഞ്ഞ ജനുവരി രണ്ടാം തീയതിയാണ് ബിന്ദുവും കനകദുർഗയും ശബരിമല ദർശനം നടത്തിയത്. തുടർന്ന് ദിവസങ്ങൾക്ക്‌ ശേഷം അങ്ങാടിപ്പുറത്തെ വീട്ടിലെത്തിയ കനകദുർഗയെ ഭർതൃമാതാവ് മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു. കനകദുർഗ മർദ്ദിച്ചതായി ഭർതൃമാതാവും പരാതിപ്പെട്ടു. ഭർത്താവും മാതാവും വീട്ടിൽ കയറ്റാൻ തയാറാകാതെ വന്നതോടെയാണ് കനകദുർഗ കോടതിയെ സമീപിച്ചത്.)