chithananda

കാസർകോട്: അഡൂർ ബള്ളക്കാന വനത്തിൽ കാട്ടുപാതക്ക് അരികിൽ കാട്ടികജയിലെ എം.കെ ചിതാനന്ദ എന്ന സുധാകരനെ (37) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചിതാനന്ദയുടെ ആത്മാർത്ഥ സുഹൃത്ത് മോഹനനെയാണ് കേസ് അന്വേഷിക്കുന്ന ആദൂർ സി.ഐ എ.എം മാത്യുവും സംഘവും ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്തത്. അതീവ രഹസ്യമായി ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സമീപത്ത് കുഴൽകിണർ കുഴിച്ചു വെള്ളം കിട്ടിയതിന്റെ ആഘോഷം ഇവർ രാത്രി നടത്തിയിരുന്നു. അതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പൊലീസ് നല്കുന്ന സൂചന.

കൂലിപ്പണിക്കാരനായ ചിതാനന്ദ ബുധനാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു. രാത്രി വൈകിയും കാണാതിരുന്നതിനാൽ ബള്ളക്കാനായിലെ ബന്ധുക്കളുടെ വീട്ടിൽ അന്വേഷിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അഡൂർ വനത്തിൽ ബന്ധുക്കൾ മൃതദേഹം കണ്ടെത്തിയത്. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അച്ഛൻ പരേതനായ കുഞ്ഞ നായക്. അമ്മ പുഷ്പാവതി മാവിനടി. സഹോദരങ്ങൾ മനമോഹനൻ, നഗവേണി.

മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ ആയിരുന്നു. ഉടുത്തിരുന്നത് എന്ന് കരുതുന്ന ചുവന്ന മുണ്ട് മൃതദേഹത്തിൽ പുതപ്പിച്ച നിലയിലായിരുന്നു. ഷർട്ടിന്റെ ബട്ടണുകൾ പൊട്ടി താഴെ കിടന്നിരുന്നു. മൊബൈൽ ഫോണും ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് രണ്ടു മീറ്റർ അകലത്തിൽ നിന്ന് കണ്ടെടുത്തു. കാട്ടാനയുടെ ആക്രമണം ആണെങ്കിൽ ഇതൊന്നും സംഭവിക്കില്ലെന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണവും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ് ഉറപ്പാക്കിയത്. തലക്ക് പരിക്കുണ്ട്. നെറ്റിയിൽ അടിച്ചു കൊന്നതാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്.
രാത്രി ഒരു ജന്മിയുടെ വീട്ടിൽ കുഴൽകിണർ സ്ഥാപിച്ച ശേഷം പാർട്ടി ഉണ്ടായിരുന്നു എന്നും ചങ്ങാതിയുമായി തർക്കം ഉണ്ടായിരുന്നു എന്നും വിവരം ലഭിച്ചിട്ടുണ്ട്. യുവാവ് മരിച്ചത് ആന ചവിട്ടിയാണെന്ന പ്രചാരണം നടത്തിയത് കൊലപാതകവുമായി ബന്ധമുള്ളവർ തന്നെയെന്ന് പൊലീസ് പറയുന്നു. അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രചാരണം നടത്തിയത്. സംഭവം അറിഞ്ഞു കാസർകോട് എ.എസ്.പി യുടെ ചുമതല വഹിക്കുന്ന കാസർകോട് ക്രൈം ഡിറ്റാച്ച് മെന്റ് ഡിവൈ.എസ്.പി എം പ്രദീപ് കുമാർ, ആദൂർ സി.ഐ എ.എം മാത്യു, എ എസ് ഐ എം രാജൻ എന്നിവർ സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കാം