കണ്ണൂർ:മംഗ്‌ളുരു- തിരുവനന്തപുരം എക്‌സ്പ്രസ് കൊച്ചുവേളിയിൽ സർവ്വീസ് അവസാനിപ്പിക്കാനുള്ള നീക്കം മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് കടുത്ത ദുരിതമാകും. മംഗ്ളൂരു- തിരുവനന്തപുരം എക്സ് പ്രസ്സ് കൊച്ചുവേളിയിൽ സർവ്വീസ് പരിമിതപ്പെടുത്തുന്നതു അവസാനിപ്പിക്കുന്നതിനു പുറമെ പരശുറാം എക്‌സ്പ്രസിന് ജനറൽ കോച്ചിന്റെ കുറവും മലബാറിൽ നിന്നുള്ള യാത്രക്കാരെയാണ് കൂടുതലും ബാധിക്കുന്നത്. .യാത്രക്കാരെ പരീക്ഷിക്കുന്ന പുതിയ പരിഷ്കാരത്തിൽ നിന്ന് റെയിൽവെ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
16348 നമ്പർ ട്രെയിൻ ഉച്ചകഴിഞ്ഞ് 2.20ന് മംഗ്‌ളുരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 5.15നാണ് തിരുവനന്തപുരത്തെത്തുന്നത്. ഈ ട്രെയിൻ കൊച്ചുവേളി വരെയാക്കിയാൽ അവിടെ നിന്ന് തിരുവനന്തപുരം നഗരത്തിലെത്താൻ ഏഴ് കിലോമീറ്റർ യാത്ര ചെയ്യണം. തിരുവനന്തപുരത്ത് നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന 16347 നമ്പർ ട്രെയിൻ അടുത്ത ദിവസം രാവിലെ 11.40നാണ് മംഗ്‌ളുരുവിലെത്തുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് കൊച്ചുവേളിയിലെക്കെത്താൻ രാത്രി സമയം യാത്രക്കാർ ഏറെ ബുദ്ധിമുട്ടേണ്ടി വരും. ശ്രീചിത്ര, ആർ.സി.സി പോലുള്ള ആശുപത്രിയിലേക്ക് മലബാറുകാർ ആശ്രയിക്കുന്ന ട്രെയിനാണിത്.
പരശുറാം എക്‌സ്പ്രസിന്റെ ജനറൽ കോച്ചിന്റെ എണ്ണം വെട്ടികുറച്ചത് മലബാറിലെ യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിക്കുകയാണ്.ആകെയുള്ള 23 കോച്ചിൽ 12 ജനറൽ കോച്ചും മൂന്ന് സീറ്റ് റിസർവ്ഡ് കോച്ചും മൂന്ന് എ.സി ചെയർകാറും മൂന്ന് ലഗേജ് കോച്ചുമാണ് ഉള്ളത്. ലഗേജ് കോച്ചിൽ രണ്ടെണ്ണത്തിൽ പകുതി യാത്രക്കാർക്ക് കയറാം. നേരത്തെ 13 ജനറൽ കോച്ചുണ്ടായിരുന്നു. ഈ കോച്ചിന്റെ എണ്ണം ഒന്ന് കുറച്ച് എ.സി ചെയർകാർ ഒന്ന് കൂട്ടുകയാണ് ചെയ്തത്. 90 പേർക്ക് യാത്ര ചെയ്യാനുള്ള കോച്ചിൽ 300 ഉം 400 ഉം പേരാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. യാത്രക്കാരുടെ ബാഗുകളും കൂടിയാകുമ്പോൾ ദുരിതം ഇരട്ടിക്കും. സാമൂഹ്യ വിരുദ്ധർ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതും പതിവാണ്.
തീരുമാനം പിൻവലിക്കണം
റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്‌സ് അസോ.
മലബാറിലെ യാത്രക്കാരെയാകെ ദുരിതത്തിലാക്കുന്ന തീരുമാനത്തിൽ നിന്ന് റെയിൽവേ പിൻമാറണമെന്ന് റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി പി .കെ ബൈജുവും പ്രസിഡന്റ് രാജേഷ് കൊല്ലറേത്തും ആവശ്യപ്പെട്ടു.പരശുറാമിൽ കൂടുതൽ കോച്ച് അനുവദിക്കുകയോ അല്ലെങ്കിൽ മംഗ്‌ളുരു - കോഴിക്കോട് മറ്റൊരു പാസഞ്ചർ ട്രെയിൻ അനുവദിക്കുകയോ വേണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എം.പി മാർക്കും റെയിൽവേ ഉന്നതർക്കും പാസഞ്ചേഴ്‌സ് അസോസിയേഷൻ നിവേദനം നൽകി.