വ്യാപാരികൾ ആശങ്കയിൽ
കാസർകോട്: ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോൾ കർണ്ണാടകയിൽ കുടിയൊഴിയേണ്ടിവന്ന വ്യാപാരികൾക്ക് പത്തുലക്ഷം രൂപ വരെ കർണ്ണാടക സർക്കാർ നഷ്ടപരിഹാരം നൽകിയപ്പോൾ കേരളത്തിൽ സർക്കാർ തീരുമാനം ഇഴയുന്നു.
മുഖ്യമന്ത്രിയെയും ധനകാര്യ മന്ത്രിയെയും റവന്യു മന്ത്രിയെയും വ്യാപാരികളും സംഘടനാനേതാക്കളും നേരിൽ കാണുകയും പലതവണ നിവേദനം നൽകുകയും ചെയ്‌തെങ്കിലും അനുഭാവപൂർവ്വം പരിഗണിക്കാമെന്നുള്ള മറുപടിയില്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ല. അതേസമയം കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ കണ്ട നിവേദക സംഘത്തോട് സംസ്ഥാന സർക്കാർ നിലപാട് എടുത്താൽ പിന്തുണക്കാം എന്നുമാത്രമായിരുന്നു മറുപടി.
ദേശീയപാതയുടെ അരികിൽ വർഷങ്ങളായി വ്യാപാരം നടത്തിവന്നിരുന്ന ആയിരക്കണക്കിന് വ്യാപാരികളാണ് ഇതുമൂലം കണ്ണീരു കുടിക്കുന്നത്. പത്തും ഇരുപതും ലക്ഷങ്ങൾ മുടക്കി കെട്ടിടം മോടി പിടിപ്പിക്കുകയും സാധന സാമഗ്രികൾ ഇറക്കുകയും ചെയ്തു കച്ചവടം നടത്തിവന്നിരുന്ന വ്യാപാരികൾക്ക് ഒരു രൂപപോലും നൽകാതെ അധികാരികൾ നിർബന്ധപൂർവ്വം താഴിടുകയാണ്. ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർമാർ വ്യാപാരികളെ ഒഴിപ്പിക്കാൻ കർശനനടപടി തുടങ്ങിയതോടെ വ്യാപാരികൾ ആശങ്കയിലാണ്.
ആർ.ഡി.ഒ, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘം ചിലയിടങ്ങളിൽ പൊലീസ് സഹായത്തോടെയാണ് കുടിയൊഴിപ്പിക്കുന്നത്. ഒഴിഞ്ഞുപോകാൻ വ്യാപാരികൾക്ക് നോട്ടീസ് നൽകുകയോ സമയം അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ബലംപ്രയോഗിച്ച് ഒഴിപ്പിക്കുന്ന കടകളിൽ നിന്നും സാധനങ്ങൾ എടുക്കാൻ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.
ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന സ്ഥലം ഉടമയ്ക്കും കെട്ടിടം ഉടമകൾക്കും വാരിക്കോരി പണം നൽകാൻ തയ്യാറായപ്പോൾ ഒഴിപ്പിക്കുന്ന കെട്ടിടത്തിൽ പതിറ്റാണ്ടുകളായി കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് ചില്ലിക്കാശുപോലും നൽകുന്നില്ലെന്നാണ് ആക്ഷേപം.
കണ്ണൂരിലും തളിപ്പറമ്പിലും കോടതിയിൽപോയ ചില വ്യാപാരികൾക്ക് കോടതി വിധി പ്രകാരം ഒരു ലക്ഷം വരെ നഷ്ടപരിഹാരം കിട്ടിയിട്ടുണ്ട്. ലക്ഷങ്ങൾ വാങ്ങിക്കുന്ന ഉടമകളും അവരുടെ കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞുപോകേണ്ടിവരുന്ന വ്യാപാരികളെ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
തലപ്പാടി വരെ കർണ്ണാടക സർക്കാർ ഇതേ ആവശ്യത്തിനായി ഭൂമി ഏറ്റെടുത്തപ്പോൾ വ്യാപാരികൾക്ക് പത്തുലക്ഷം രൂപ വരെ കൊടുത്തിരുന്നു. സർക്കാരും ഉടമകളും കൈയൊഴിയുന്നതോടെ വ്യാപാരികളുടെ കാര്യം കട്ടപ്പുകയാകും..
കർണ്ണാടകത്തിൽ ഒരു നിലപാടും കേരളത്തിൽ മറ്റൊരു നിലപാടുമാണ് സർക്കാർ സ്വീകരിക്കുന്നത്. തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള 1500 ഓളം വ്യാപാരികളാണ് പെരുവഴിയിലാകുന്നത്. ദേശീയപാത വികസനത്തിന് ഞങ്ങളാരും എതിരല്ല. എന്നാൽ അത് വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി കൊണ്ടാവണം അത്.
കെ. അഹമ്മദ് ഷെരീഫ്
കാസർകോട് ജില്ലാ പ്രസിഡന്റ് ,
വ്യാപാരി വ്യവസായി ഏകോപന സമിതി