തലശേരി: എ.എൻ. ഷംസീർ എം.എൽ.എയുടെ മാടപ്പീടികയിലെ വീടിനു ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി ആർ.എസ്.എസ് പ്രവർത്തകനായ പുന്നോൽ ശ്രീനിലയത്തിൽ സതീശനെ (24) പൊലീസ് പിടികൂടി.
പൊലീസ് കാവലും പരിസരത്ത് കാമറയുമുള്ള എം.എൽ.എയുടെ വീടിനു നേരെ കഴിഞ്ഞ മാസം അഞ്ചിന് രാത്രിയാണ് ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞത്. ആദ്യം ന്യൂ മാഹി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് തലശേരി സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു.
എം.എൽ.എയുടെ വീടിനു നേരെ ബോംബേറുണ്ടായി സെക്കൻഡുകൾക്കുള്ളിൽ ആഡംബര ബൈക്കിന്റെ ശബ്ദം കേട്ടതായി സ്കൂൾ വിദ്യാർത്ഥി നൽകിയ സൂചനയാണ് കേസന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് ഇത്തരത്തിലുള്ള 25 ബൈക്കുകൾ സമീപ പ്രദേശങ്ങളിലുള്ളതായും ഇതിൽ 11 ബൈക്കുകൾ ഉപയോഗിക്കുന്നത് ആർ.എസ്.എസ് പ്രവർത്തകരാണെന്നും കണ്ടെത്തി. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. ഇതിനു പുറമെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് രണ്ടായിരത്തിലേറെ ഫോൺ കാളുകൾ പരിശോധിച്ച പൊലീസ് പ്രതികളുടെ സാന്നിദ്ധ്യം ഉറപ്പിക്കുകയും ചെയ്തു. പൊലീസ് തിരിച്ചറിഞ്ഞുവെന്ന് വ്യക്തമായതോടെ പ്രതികൾ കർണാടകയിലേക്കു കടന്നിരുന്നു. വ്യാഴാഴ്ച നാട്ടിലെത്തിയ മുഖ്യപ്രതിയെ തലായി ഹാർബറിനു സമീപത്തു നിന്നുമാണ് പൊലീസ് വലയിലാക്കിയത്. കൂട്ടുപ്രതിയായ ഒരാളെ കൂടി പിടികൂടാനുണ്ട്.