കച്ചവടക്കാരുടെ നടപ്പാത കൈയേറ്റത്തിനും അന്ത്യമില്ല
കാഞ്ഞങ്ങാട്: പട്ടണവീഥിയിൽ നിയമം ലംഘിച്ച് തലങ്ങും വിലങ്ങും വാഹന പാർക്കിംഗ് പെരുകുമ്പോഴും നടപടി പേരിനു പോലുമില്ല. കോട്ടച്ചേരി ബസ് സ്റ്റാൻഡിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോകളും ഇരുചക്രവാഹനങ്ങളും ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്ന വഴിയും കീഴടക്കിയാണ് പാർക്കിംഗ് നടത്തുന്നത്. ട്രാഫിക് എയ്ഡ് പോസ്റ്റിനു മൂക്കിനു താഴെയായിരുന്ന കാൽനടക്കാരുടെ വഴിമുടക്കിയ ഈ പാർക്കിംഗ്.
സർവീസ് റോഡ് കൈയടക്കിയുള്ള ഓട്ടോറിക്ഷകളുടെയും ഇരുചക്രവാഹനങ്ങളുടെയും പാർക്കിംഗ് ബസ് സ്റ്റാൻഡ് പരിസരത്ത് ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നുണ്ട്. പകലന്തിയോളം ഇവിടെ ഇരുചക്രവാഹനങ്ങളുടെ നീണ്ട നിരതന്നെ കാണാം.
നഗരത്തിൽ ഒറ്റവരി പാർക്കിംഗ് നടപ്പാക്കുമെന്ന് നഗരസഭയും ട്രാഫിക് പൊലീസും പറയുമ്പോഴും മൂന്നുവരി വരെയുള്ള ഓട്ടോ സ്റ്റാൻഡുകൾ വരെ നഗരത്തിലുണ്ട്. സർവ്വീസ് റോഡ് കൈയേറി പാർക്കിംഗ് നടത്തുന്നതിൽ സ്വകാര്യ വാഹനങ്ങളും ഒട്ടും പിന്നിലല്ല. ടി.ബി.റോഡ് കവലമുതൽ ഇക്ബാൽ റോഡ് കവലവരെയുള്ള ഭാഗങ്ങളിലെ സർവീസ് റോഡിൽ സ്വകാര്യവാഹനങ്ങൾ പലപ്പോഴും പരിധി ലംഘിച്ചാണ് പാർക്കു ചെയ്യുന്നത്. വ്യാപാരികളുടെ വാഹനങ്ങളും സർവ്വീസ് റോഡിൽ തന്നെയാണ് പാർക്കു ചെയ്യുന്നത് എന്ന ആക്ഷേപവും ഉണ്ട്.
സർവീസ് റോഡ് വാഹനങ്ങൾ കൈയടക്കുമ്പോൾ തന്നെ കച്ചവടക്കാരുടെ നടപ്പാത കൈയേറ്റവും പെരുകുകയാണ്. മിക്ക പച്ചക്കറി കച്ചവടക്കാരും പച്ചക്കറികൾ കൂട്ടിയിടുന്നത് ടൈൽ പതിച്ച നടപ്പാതയിൽ തന്നെയാണ്. ഇവിടെ കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ നിൽക്കേണ്ടതും നടപ്പാതയിൽ തന്നെയാണ്.