തൃക്കരിപ്പൂർ: വൈദ്യുതി സെക്ഷൻ ഓഫീസിന് സ്വന്തമായി കെട്ടിടം പണിയാൻ സ്ഥലം അനുവദിച്ചിട്ട് രണ്ടു ദശാബ്ദക്കാലത്തോളമായിട്ടും ഓഫീസ് പ്രവർത്തനം ഇപ്പോഴും അസൗകര്യം നിറഞ്ഞ വാടക കെട്ടിടത്തിൽ. സ്ഥല പരിമിതി മൂലം നിന്നുതിരിയാൻ കഴിയാത്ത അവസ്ഥയിലുള്ള ഓഫീസിൽ ജീവനക്കാർ ഞെങ്ങിഞെരുങ്ങി കഴിയുന്നത് പലതവണ അധികൃതരെ അറിയിച്ചിട്ടും ഉന്നതോദ്യോഗസ്ഥർ കനിയാത്തതു കാരണം സ്വന്തമായി ഓഫീസെന്നത് സ്വപ്നമായി അവശേഷിക്കുകയാണ്. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനായി പ്രതിമാസം വാടകയിനത്തിൽ നൽകുന്നതോ 8500 രൂപയും.
തങ്കയം മുക്കിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ഒരു അസിസ്റ്റന്റ് എൻജിനിയർ, ആറ് ഓവർസിയർമാർ, രണ്ടു കാഷ്യർമാർ, ഒരു സീനിയർ സൂപ്രണ്ട് കൂടാതെ ലൈന്മാൻമാർ, മസ്ദൂറുകൾ തുടങ്ങി മുപ്പത്തിമൂന്നോളം ജീവനക്കാരാണുള്ളത്. ഇതിൽ താഴെക്കിടയിലുള്ള ജീവനക്കാർക്ക് ഇരിപ്പിടം പോലുമില്ല. പുറത്തെ ബെഞ്ചിലാണ് മസ്ദൂറുകൾ വിശ്രമിക്കുന്നത്. ഓഫീസിൽ രണ്ടു കാഷ്യർമാർ ഉണ്ടെങ്കിലും ഒരു കൗണ്ടർ പ്രവർത്തിക്കാനുള്ള സൗകര്യമേ ഉള്ളൂ. വൈദ്യുതി കണക്ഷനുകൾക്കായി ആവശ്യമുള്ള വിലപിടിപ്പുള്ള കോപ്പർ വയറുകൾ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ സൂക്ഷിക്കാനും നിലവിൽ സൗകര്യം നന്നേ കുറവാണ്.
സ്ഥലം അനുവദിച്ചത് പഞ്ചായത്ത്
വൈദ്യുതി ഓഫീസിനു സ്വന്തമായി ഒരു ആസ്ഥാനം പണിയാൻ രണ്ടായിരാമാണ്ടിൽ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് 10 സെന്റ് സ്ഥലം സൗജന്യമായി അനുവദിച്ചിരുന്നു. ഇളമ്പച്ചി ഇലക്ട്രിസിറ്റി സബ് സ്റ്റേഷന്റെ തൊട്ടു പടിഞ്ഞാറുവശത്തായി അനുവദിച്ച പ്രസ്തുത സ്ഥലം അളന്നു തിട്ടപ്പെടുത്തി മതിൽകെട്ടി വേർതിരിച്ചിട്ടുണ്ടെങ്കിലും കാടുകയറി ഉപയോഗശൂന്യമായ നിലയിലാണ്. പഞ്ചായത്ത് സ്ഥലം അനുവദിച്ചത് വൈദ്യുതി വകുപ്പിന്റെ പ്രസരണ വിഭാഗത്തിനാണെന്നും അത് വിതരൺണ വിഭാഗത്തിനു കൈമാറിയാൽ മാത്രമേ കെട്ടിടം പണിയാൻ കഴിയുള്ളൂവെന്നുമാണ് നിയമപരമായ പ്രശ്നം. രേഖ കൈമാറ്റം ചെയ്തു കിട്ടാൻ മുൻകൈ എടുക്കേണ്ടതാകട്ടെ വകുപ്പിലെ ഉദ്യോഗസ്ഥരും. ഉദ്യോഗസ്ഥർ കനിഞ്ഞില്ലെങ്കിൽ ജനപ്രതിനിധികൾ ഇടപെട്ടെങ്കിലും തൃക്കരിപ്പൂർ വൈദ്യുതി സെക്ഷൻ ഓഫീസിനു പുതിയ കെട്ടിടം പണിയാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെയും ജീവനക്കാരുടെയും ആവശ്യം.
ഇളമ്പച്ചിയിലെ വൈദ്യുതി സെക്ഷൻ ഓഫീസിനായി അനുവദിച്ച സ്ഥലം കാടുകയറിയ നിലയിൽ