ചെറുകുന്ന്: വേനലവധിക്ക് മുൻപേ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് നവീകരിച്ച് തുറന്നുകൊടുക്കും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ മിനുക്ക് പണികൾ പാർക്കിൽ പുരോഗമിക്കുകയാണ്. 2014ലാണ് ജില്ലയിൽ പ്രധാന ഇക്കോ ടൂറിസം പാർക്ക് വെള്ളിക്കീലിൽ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയായ എ.പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തത്.
വിനോദ സഞ്ചാരികൾക്ക് വൈവിധ്യങ്ങളായ കണ്ടലുകൾ കണ്ട് ആസ്വദിക്കുന്നതിനുള്ള സൗകര്യവുമുണ്ടിവിടെ. പ്രതിദിനം നൂറിലധികം സഞ്ചാരികളാണിവിടെ പ്രകൃതി ഭംഗി ആസ്വദിക്കാനായെത്തിയിരുന്നത്. അവധിദിവസങ്ങളിൽ ഇതിലും കൂടുതലുണ്ടാകും. മുൻപ് ഇവിടെ പ്രകൃതി ഭംഗി ആസ്വദിച്ച് ബോട്ട് സർവീസ് നടത്താൻ എത്തുന്നവർക്ക് വേനലും വെയിലും കൊണ്ട് തുരുമ്പിച്ച ഇരിപ്പിടങ്ങളിൽ ഇരിക്കേണ്ട സ്ഥിതിയായിരുന്നു.
എന്നാൽ ഇതിന് പരിഹാരമായി വെള്ളിക്കീൽ ഇക്കോ പാർക്ക് നവീകരണത്തിന്റെ ഭാഗമായി സീറ്റിംഗ് പ്ലാസകളുടെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. കൂടാതെ മുൻപ് പാർക്കിൽ നടപാതകളിൽ വെള്ളം കയറുന്നത് പതിവായിരുന്നു. ഈ പരാതി പരിഹരിച്ചു കൊണ്ട് ഒന്നര കിലോമീറ്ററോളം സ്ഥലത്ത് മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തിയും ഇതോടൊപ്പം നടക്കുന്നുണ്ട്. ജില്ലാ ടൂറിസം വകുപ്പ് ഒരു കോടി രൂപ മുതൽ മുടക്കിലാണ് നവീകരണ പ്രവൃത്തികൾ നടത്തുന്നത്. രാത്രികാലങ്ങളിൽ വെളിച്ച കുറവ് ഉള്ളതിനാൽ സാമൂഹ്യവിരുദ്ധരുടെയും സദാചാര ഗുണ്ടകളുടെയും ശല്യവും മാലിന്യ നിക്ഷേപവും രൂക്ഷമായിരുന്നു. വെളിച്ചക്കുറവിന് പരിഹാരമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ടെന്നും വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്കിൽ മഴയും വേയിലുമേറ്റ് നശിച്ച കളിയുപകരണങ്ങൾ മാറ്റി പുതിയ കളിയുപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങളും നടന്നു വരുന്നുണ്ടെന്ന് ഡി.ടി.പി.സി. സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു. വേനലവധിക്കാലത്തിന് മുൻപ് ജനങ്ങൾക്ക് സമർപ്പിക്കാനായി പ്രവൃത്തികൾ ദ്രുതഗതിയിൽ നടന്നുവരികയാണ്.