
കണ്ണൂർ: എക്‌സൈസിൽ വനിതകളുടെ പ്രാതിനിദ്ധ്യം വർദ്ധിപ്പിക്കുമെന്നും ഓഫീസർ പദവിയിലേക്കുള്ള സെലക്‌ഷൻ ഉടൻ ആരംഭിക്കുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കേരള സ്റ്റേറ്റ് എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എക്‌സൈസുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം കാര്യക്ഷമമാക്കാൻ എക്‌സൈസ് ക്രൈംബ്രാഞ്ച് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ട്. എല്ലാ ജില്ലകളിലും എക്സൈസ് ടവറും കോംപ്ലക്‌സും നിർമ്മിക്കും. ആദിവാസി ഊരുകളിൽ കുടുംബശ്രീ മുഖേന ലഹരി വിമുക്തി മിഷൻ പ്രവർത്തനങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.എസ്. സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മെഡൽ നേടിയവരെ ആദരിച്ചു. പി.കെ. ശ്രീമതി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, മേയർ ഇ.പി. ലത എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. പവിത്രൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ പി.കെ. സുരേഷ് നന്ദിയും പറഞ്ഞു.
സംസ്ഥാന പ്രസിഡന്റായി എൻ.എസ്. സലിംകുമാറിനെയും ജനറൽ സെക്രട്ടറിയായി എൻ. അശോക് കുമാറിനെയും തിരഞ്ഞെടുത്തു.