അങ്കക്കോഴികളുടെ വില 4000 മുതൽ 8000 രൂപ വരെ
വാതുവയ്പ്പ് 5,000 മുതൽ 20,000 വരെ രൂപയ്ക്ക്
കാഞ്ഞങ്ങാട്: നിയമം മൂലം നിരോധിക്കപ്പെട്ടതിനെ തുടർന്ന് പൊലീസ് കടുത്ത നടപടികൾ സ്വീകരിച്ചതിനാൽ ഏറെക്കാലമായി ജില്ലയിൽ നിന്നു വിട്ടുനിന്ന കോഴിയങ്കം വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കോഴിയങ്കവുമായി ബന്ധപ്പെട്ട് കുമ്പളയിലും പെരിയയിലുമായി 18 പേർ അറസ്റ്റിലാവുകയും, പത്തിലധികം കോഴികളെ പിടികൂടുകയും ചെയ്തു.
പൊലീസ് പിടികൂടിയ അങ്കക്കോഴികളെ കോടതിയിൽ ഹാജരാക്കുമ്പോൾ കോഴിയങ്കക്കാർ തന്നെ ലേലം ചെയ്തു വാങ്ങുന്നത് പതിവാണ്. പിടിയിലായവർ പിഴയടച്ചു പുറത്തിറങ്ങുന്നതോടെ വീണ്ടും കോഴിയങ്കപ്പോരും ലക്ഷങ്ങളുടെ പന്തയവും തുടങ്ങും. നിയമം ശക്തമാക്കാത്തതാണു കോഴിയങ്കം കൂടാൻ കാരണം. കോഴികളെ പിടികൂടുന്നതു പൊലീസിനും പുലിവാലാണ്. കോഴികളെ നഷ്ടമാവാതെ സൂക്ഷിക്കുകയാണു പ്രധാന തലവേദന.
പുറത്തു സൂക്ഷിച്ചാൽ തെരുവുനായ്ക്കളും മറ്റും കടിച്ചുകൊല്ലാൻ സാധ്യതയുള്ളതിനാൽ അകത്താണ് ഇവയെ കെട്ടിയിടുന്നത്. രാവിലെയാകുമ്പോഴേക്കും കാഷ്ടിച്ചും മറ്റും ഇവ സ്റ്റേഷനാകെ വൃത്തികേടാക്കിയിരിക്കും. കോടതിയിലേക്കു കൊണ്ടുപോയ ശേഷം സ്റ്റേഷൻ വൃത്തിയാക്കലാണ് പ്രധാന ജോലി. ഇതിനു പുറമെ പിടികൂടാനുള്ള കഷ്ടപ്പാടും. പൊലീസിനെ നിരീക്ഷിക്കാൻ കോഴിയങ്കക്കാർ പണം നൽകി ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ കണ്ണിൽ പെടാതെ കഷ്ടപ്പെട്ടു പിടികൂടിയ ശേഷം പ്രതികളും കോഴികളും വീണ്ടും കളത്തിലെത്തുന്നതു മനോവീര്യം തളർത്തുകയാണെന്നു പൊലീസ് പറയുന്നു.
മത്സരത്തിനു വേണ്ടി മാത്രമായി ഇവിടങ്ങളിൽ പൂവൻകോഴികളെ തീറ്റിപ്പോറ്റി വളർത്തുകയാണ്. മിണ്ടാപ്രാണികളെ പീഡിപ്പിക്കുന്നതും അവയെ ഉപയോഗിച്ച് ചൂതാട്ടം നടത്തുന്നതും നിയമപ്രകാരം കുറ്റകരമായതിനാലാണ് കോഴിയങ്കവും നിയമവിരുദ്ധമാക്കപ്പെട്ടത്.
കോഴിയങ്കം
കോഴികളുടെ കാലുകളിൽ മൂർച്ചയേറിയ വാളുകൾ കെട്ടി അങ്കത്തിനിറക്കുന്നു. ഇതിനിടയിൽ മുറിവേൽക്കുമ്പോൾ അങ്കക്കോഴികൾക്ക് വീര്യം കൂടുകയാണ് ചെയ്യുന്നത്. ചോര വാർന്ന് തളരുമ്പോൾ ഏതെങ്കിലും ഒരു കോഴി തളർന്നുവീഴുകയോ മൃതപ്രായമാവുകയോ ചെയ്താൽ മറ്റേ കോഴി ജയിച്ചതായി കണക്കാക്കുകയും ആ കോഴിയുടെ ഉടമയ്ക്കോ ടീമിനോ പണം ലഭിക്കുകയും ചെയ്യും. നഷ്ടം വന്ന വ്യക്തിയോ ടീമോ വേറൊരു പൂവൻ കോഴിയെ മത്സരത്തിനായി വളർത്തി നഷ്ടം തിരിച്ചുപിടിക്കുകയും ചെയ്യും.
വാതുവയ്പ്പിന് വൻതുക
വൻതുകകൾ വാതുവച്ചാണ് അങ്കം നടക്കുക. ഇതിനായി അങ്കക്കോഴികളെ പരിശീലിപ്പിക്കാനും മത്സരം സംഘടിപ്പിക്കാനും പ്രത്യേക സംഘങ്ങൾ തന്നെയുണ്ട്. 5,000 മുതൽ 20,000 രൂപവരെ പന്തയം വെച്ചാണ് കോഴിയങ്കം നടത്തുന്നത്. കോഴിയങ്കം നടത്തുന്നത് വർധിച്ചതിനാൽ അങ്കക്കോഴികളുടെ വിൽപനയും അതിർത്തിപ്രദേശങ്ങളിൽ വർധിച്ചിട്ടുണ്ട്. 4,000 മൂതൽ 8,000 രൂപവരെയാണ് അങ്കക്കോഴികൾക്ക് വില. കൂടുതൽ അങ്കങ്ങളിൽ പങ്കെടുത്ത് വിജയിച്ച കോഴികളെ 1000ലധികം രൂപ നൽകി വാങ്ങുന്നവരും ഉണ്ട്.