തൃക്കരിപ്പൂർ: അശാസ്ത്രീയമായ നിർമ്മാണം നടത്തിയത് മൂലം കവ്വായി കായലിൽ തകർന്നു വീണ മടക്കാൽ തൂക്കുപാലത്തിന്റെ അവശിഷ്ടങ്ങൾ വർഷം അഞ്ചുകഴിഞ്ഞിട്ടും പൂർണ്ണമായും നീക്കം ചെയ്തില്ല. വലിയപറമ്പ കടപ്പുറം ഭാഗത്തെ ഭീമൻ കോൺക്രീറ്റ് ഫില്ലറിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങളാണ് നീക്കചെയ്യാതെ വൻ സുരക്ഷ ഭീഷണി ഉയർത്തുന്നത്.

മാസങ്ങളായി കായലിൽ ഒരു കൃത്രിമ ദ്വീപ് പോലെ ഉയർന്നു നിൽക്കുന്ന കോണ്ക്രീറ്റ് കുന്ന് മത്സ്യ തൊഴിലാളികൾക്കും ബോട്ട് യാത്രക്കാർക്കും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവശിഷ്ടങ്ങളിൽ കുരുങ്ങി തോണിയും വലയും നശിക്കുന്നത് പതിവായതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.
അതുപോലെ ഇരു കരകളിലും പാലം ബലപ്പെടുത്തുന്നതിനായി നിർമ്മിച്ച കോൺക്രീറ്റ് സ്റ്റേജുകളും സ്റ്റേ വയറുകളും കാൽനട യാത്രക്കാർക്കും പരിസരവാസികൾക്കും വിഷമം സൃഷ്ടിക്കുന്നുണ്ട്. ഇതുപൊളിച്ചുമാറ്റാൻ ഇനിയും ഒരു നീക്കവും ഉണ്ടായിട്ടില്ല.

തകർന്ന പാലത്തിനു പകരം പാലം പണിയുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. നാട്ടുകാർ പൊതുതാൽപര്യ ഹ‌ർജി ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും പാലം പണിയണമെന്ന നിർദ്ദേശം റവന്യു വകുപ്പിനെ അറിയിക്കുകയും ചെയ്തിരുന്നുവെങ്കിലും ഒന്നും നടന്നില്ല. റവന്യു വകുപ്പ് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് യാത്രാദുരിതം മൂലം കഷ്ടപ്പെടുന്ന നാട്ടുകാർ.

കവ്വായി കായലിൽ തൂക്കുപാലത്തിന്റെ ഭീമൻ ഫില്ലർ അവശിഷ്ടങ്ങൾ പുഴയിൽ കൂട്ടിയിട്ട നിലയിൽ