തൃക്കരിപ്പൂർ: സർവീസിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ വിതരണത്തിൽ കാലതാമസം നേരിടുന്നതായി പരാതി. തപാലിൽ വീട്ടിൽ പെൻഷൻ ലഭിച്ചുകൊണ്ടിരുന്നവരാണ് മാസം പകുതിയോടടുത്തിട്ടും പണം കിട്ടാതെ ബുദ്ധിമുട്ടുന്നത്. തൃക്കരിപ്പൂർ, ഇടയിലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ അവശരായവരാണ് പെൻഷനായി പോസ്റ്റുമാന്റെ വരവും കാത്തിരിക്കുന്നത്.
സാധാരണയായി ട്രഷറിയിൽ നിന്നും ഒന്നാം തീയ്യതി മുതൽ വിതരണം ചെയ്താൽ അഞ്ചാം തീയ്യതിയെങ്കിലും ഗുണഭോക്താവിന്റെ വീട്ടിൽ തപാൽ വഴി പെൻഷൻ എത്തേണ്ടതാണ്. എന്നാൽ പത്താം തീയ്യതിയായിട്ടും ഈ തുക എത്തിയിട്ടില്ലെന്ന് പെൻഷൻകാർ പരാതി പറയുന്നു. ജനുവരിയിലെ പെൻഷൻ പതിനാലാം തിയ്യതിയാണ് കൈപ്പറ്റിയതെന്നും ആക്ഷേപമുണ്ട്. വാഹനയാത്ര ചെയ്യാൻ കഴിയാത്തവരും അനാരോഗ്യം മൂലം അവശരുമായ പെൻഷൻകാർക്കാണ് മണിഓർഡറായി പെൻഷൻ വീട്ടിൽ എത്തിക്കുന്നത്. എന്നാൽ ഇത് വീട്ടിലെത്തുന്നത് മുതിർന്ന പൗരന്മാർ കാത്തിരിക്കേണ്ടി വരുന്നത് നിരാശാജനകമാണ്. ആരോഗ്യപ്രശ്നം ഇല്ലാത്ത പെൻഷൻകാർ ട്രഷറിയിൽ നേരിട്ടെത്തിയോ ബാങ്ക് അക്കൗണ്ട് വഴിയോ ആണ് തുക കൈപ്പുറ്റുന്നത്.
തൃക്കരിപ്പൂർ, വലിയപറമ്പ, ചെറുവത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലെ പെൻഷൻ നീലേശ്വരം ട്രഷറി ഓഫീസ് മുഖാന്തരമാണ് കൈകാര്യം ചെയ്യുന്നത്. പെൻഷൻ വിതരണത്തിലെ പതിവിൽ കവിഞ്ഞ കാലതാമസം നേരിടുനത്തിന്റെ കാരണം കണ്ടെത്തി അടിയന്തരമായി പരിഹാരം കാണണമെന്ന് പെൻഷൻകാർ ആവശ്യപ്പെടുന്നു.