ഇരിട്ടി : മൂർഖനിൽ നിന്നും രക്ഷതേടി വീടിന്റെ മുറിക്കുള്ളിൽ ഓടിക്കയറിയ ഉടുമ്പിനെ പിന്തുടർന്നെത്തിയ മൂർഖൻപാമ്പിനെ വനം വകുപ്പിന്റെ ആർ .ആർ. ടി അംഗം പിടികൂടി. ഇരിട്ടി നേരംപോക്ക് പയഞ്ചേരി റോഡിൽ ഐ .ഐ. എ. എം. എൽ .പി സ്‌കൂളിന് സമീപത്തെ ജിഷാ നിവാസിൽ എൻ.എം. സരസ്വതിയുടെ വീട്ടിലെ മുറിക്കകത്തുനിന്നാണ് ആർ. ആർ. ടി അംഗം നിധീഷ് ചലോട് മൂർഖനെ പിടികൂടിയത്.
ശനിയാഴ്ച രാതി 9 മണിയോടെ ആയിരുന്നു സംഭവം. മൂർഖനിൽ നിന്ന് രക്ഷ തേടിയ ഉടുമ്പ് ഓടി വീടിന്റെ ഇറയം വഴി മുറിയിൽ കയറുകയായിരുന്നു. പിന്നാലെ മൂർഖനും കയറിയതോടെ ഭയന്ന വീട്ടുകാർ ഉടനെ മുറിയുടെ വാതിൽ അടച്ചു. അടുത്ത വീട്ടുകാരെയും മറ്റും വിവരമറിയിക്കുകയും ഇവർ വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. രാത്രി 12 മണിയോടെ എത്തിയ ആർ .ആർ. ടി അംഗം നിധീഷ് ചലോട് എത്തി മുറിതുറന്ന് മൂർഖനെ പിടികൂടുകയായിരുന്നു. അപ്പേഴേക്കും പാമ്പ് രണ്ടടിയോളം നീളമുള്ള ഉടുമ്പിനെ മുഴുവൻ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ഒന്നര മീറ്ററിലേറെ നീളമുള്ള മൂർഖനെ പിന്നീട് വനമേഖലയിൽ തുറന്നുവിട്ടു.

(ഫേട്ടോ വീടിനകത്തു നിന്നും പിടികൂടിയ മൂർഖൻ പാമ്പുമായി ആർ .ആർ. ടി അംഗം നിധീഷ് ചലോട്


ഇന്ന്

പയ്യന്നൂർ കൊക്കാനിശ്ശേരി മീത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: പ്രതിഷ്ഠാ ദിന മഹോത്സവം അന്നദാനം ഉച്ചക്ക്: 12ന്; അക്ഷരശ്ലോക സദസ്സ്: 3.30ന്; തിരുവാതിര : 8ന്.
കരിവെള്ളൂർ കൊഴുമ്മൽ മാക്കീൽ മുണ്ട്യക്കാവ് വിഷ്ണു മൂർത്തി ക്ഷേത്രം : കളിയാട്ട മഹോത്സവം നെയ്യൂട്ട് രാത്രി: 7ന്; മ്യൂസിക് നൈറ്റ് : 8ന്.
പയ്യന്നൂർ ടീ പി ചൈതന്യ ഹാൾ:എഡ്യക്കേഷൻ ലോണീസ് വെൽഫെയർ ഓർഗനൈസേഷൻ യോഗം: രാവിലെ 10ന്


വായനാ വീടുകളുടെ ഉദ്ഘാടനം

പയ്യന്നൂർ: ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, ലൈബ്രറി കൗൺസിൽ സംയുക്തമായി സംഘടിപ്പിക്കുന്ന
'അലമാരയിൽ നിന്നും അകതാരിലേക്ക് ' പദ്ധതിയുടെ ഭാഗമായി വായനാ വീടുകളുടെ ഉദ്ഘാടനവും സാഹിത്യകാരൻ എം.മുകുന്ദനുള്ള അനമോദനവും 14 ന് വൈകീട്ട് 5ന്ഗാന്ധി പാർക്കിൽ നടത്തുവാൻ ഇത് സംബന്ധിച്ച് നടന്ന ബ്ലോക്ക് നഗരസഭ തല ഗ്രന്ഥാലയ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു.
നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി.നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു. വി. ബാലൻ, വൈക്കത്ത് നാരായണൻ, വി.നന്ദകുമാർ, കെ.ശിവകുമാർ ,എ .ശ്രീധരൻ, ടി.വി.നാരായണൻ, അച്ചുതൻ പുത്തലത്ത്, വി.പി.സുകുമാരൻ സംസാരിച്ചു.

ബി.എസ്.എൻ.എൽ മെഗാമേള

പയ്യന്നൂർ: പഴയ ബസ് സ്റ്റാൻഡ് ഷേണായി സ്‌ക്വയറിൽ 12, 13, 14 തിയ്യതികളിൽ ബി.എസ്.എൻ.എൽ മെഗാമേള സംഘടിപ്പിക്കുന്നു. ദിവസവും രാവിലെ 9.30 മുതൽ വൈകീട്ട് 6.30 വരെ നടക്കുന്ന മേളയിൽ സൗജന്യ മായി 4ജി സിം കാർഡ് വിതരണം ,നിലവിലെ നമ്പർ മാറാതെ ഏത് കമ്പനിയുടെ സിമ്മും ബി.എസ്.എൻ.എല്ലിലേക്ക് മാറ്റാനുള്ള സൗകര്യം, വിച്ഛേദിക്കപ്പെട്ട ടെലഫോൺ കണക്ഷനുകൾ ഇളവുകളോടെ പുന:സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കും.

പഠനോത്സവം നടത്തി

ചെറുപുഴ: ചെറുപുഴ ജെ.എം.യു.പി.സ്‌കൂളിലെ പഠനോത്സവം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ കെ.കുഞ്ഞികൃഷ്ണൻ നായർ അദ്ധ്യക്ഷനായി.പഞ്ചായത്തംഗം ലളിത ബാബു, പി.ടി.എ.പ്രസിഡന്റ് കെ.എ.ഷോജി, മദർ പി.ടി.എ.പ്രസിഡന്റ് രാജിനി രവീന്ദ്രൻ, വി.സി.ഷാജി,പി.എൻ.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.