കണ്ണൂർ:മുൻ കേരള രഞ്ജി ക്യാപ്ടൻ പാറക്കണ്ടി ദേവീഗുരു (മഠത്തിൽ) സി.എം. അശോക് ശേഖർ (73) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ചികിത്സയിലായിരുന്നു.കേരള മുൻ സന്തോഷ് ട്രോഫി ഫുട്‌ബാൾ താരങ്ങളായ സി.എം. ചിദാനന്ദന്റെയും സി.എം. തീർഥാനന്ദന്റെയും ഇളയ സഹോദരനാണ്. വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാനായിരുന്ന അശോക് ശേഖർ 1970-71, 72-73, 74-75 സീസണുകളിലാണ് കേരള ടീമിനെ നയിച്ചത്.
പതിനൊന്ന് മത്സരങ്ങളിൽ ടീമിനെ നയിച്ച അശോക് ശേഖറിന് 1971ൽ കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ ആന്ധ്രയ്ക്കെതിരെ നടന്ന മത്സരത്തിൽ വിജയം നേടാനുമായി. 1975ൽ കർണാടകയ്‌ക്കെതിരെയായിരുന്നു നായകനെന്ന നിലയിൽ അവസാന മത്സരം 35 ഒന്നാംക്ലാസ് മത്സരങ്ങളിലെ 68 ഇന്നിംഗ്സുകളിൽ നിന്നായി കേരളത്തിന് വേണ്ടി 808 റൺസ് നേടി. ഉയർന്ന വ്യക്തിഗത സ്‌കോർ 49.
1997-98, 98-99 സീസണുകളിൽ ബി.സി.സി.ഐയുടെ മാച്ച് റഫറിയായിരുന്നു. കേരള രഞ്ജി ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്നു.
എസ്.ബി.ടിയിൽ മാനേജരായി വിരമിച്ച ഇദ്ദേഹം എട്ടു വർഷത്തോളം ബാങ്ക് ടീമിനെയും നയിച്ചു. പരേതരായ കണ്ണൂർ ചെറ്റിയാറക്കുളം ചെറുവാരി ശേഖരന്റെയും മഠത്തിൽ കല്യാണിയുടെ മകനായി 1946 ഫെബ്രുവരി ഒന്നിനായിരുന്നു ജനനം. രണ്ട് സഹോദരന്മാരും ഫുട്‌ബാളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അശോക് ശേഖർ ക്രിക്കറ്റ് തിരഞ്ഞെടുക്കുകയായിരുന്നു.
സജിനിയാണ് ഭാര്യ. മക്കൾ: അമിത് (ഓസ്‌ട്രേലിയ), അഖിലേഷ് (ചെന്നൈ), അവിനാശ് (ദുബായ്). മരുമക്കൾ: സബിത, അങ്കിത, നീരജ.സംസ്‌കാരം ഇന്ന് 11.30ന് പയ്യാമ്പലത്ത്.