തലശ്ശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എമ്മിന്റെ പ്രമുഖ നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജൻ, പാർട്ടി എം.എൽ.എ ടി.വി. രാജേഷ് എന്നിവർക്കെതിരെ വധ ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.ഐ തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 302, 120 ബി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റം നേരത്തേ തന്നെ ചുമത്തിയിരുന്നു. 28 മുതൽ 33 വരെയുള്ള പ്രതികൾക്ക് കൊലപാതകത്തിൽ തുല്യപങ്കാണെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. ജയരാജൻ മുപ്പത്തിരണ്ടാം പ്രതിയും, രാജേഷ് മുപ്പത്തിമൂന്നാം പ്രതിയുമാണ്. കേസ് 14ന് കോടതി പരിഗണിക്കും.
മുസ്ളിംലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫിന്റെ പ്രാദേശിക നേതാവായിരുന്ന അബ്ദുൾ ഷുക്കൂറിനെ (24), 2012 ഫെബ്രുവരി 20ന് സി.പി.എം ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയിൽ പാർട്ടി പ്രവർത്തകർ തടഞ്ഞുവച്ച് രണ്ടര മണിക്കൂർ വിചാരണയ്ക്കുശേഷം കുത്തിക്കൊന്നെന്നാണ് കേസ്. ഷുക്കൂറിന്റെ സുഹൃത്ത് സക്കറിയയ്ക്ക് ആക്രമണത്തിൽ മാരക പരിക്കേൽക്കുകയും ചെയ്തു.
പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപം പട്ടുവം അരിയിലിൽ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ച് മണിക്കൂറുകൾക്കകമായിരുന്നു കൊല. 2016ലാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
ഷുക്കൂറിനെ സി.പി.എം പ്രവർത്തകർ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊല നടത്തുന്നത് തടയാൻ ശ്രമിച്ചില്ലെന്ന കുറ്റമായിരുന്നു ഇരുവർക്കുമെതിരെ 118-ാം വകുപ്പ് പ്രകാരം കേസിന്റെ ആദ്യഘട്ടത്തിൽ ചുമത്തിയിരുന്നത്. എന്നാൽ. സി.ബി.ഐയുടെ തുടരന്വേഷണത്തിൽ കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്.
സി.ബി.ഐ എസ്.പി. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. നേരത്തേ എറണാകുളം സി.ബി.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം തലശേരി കോടതിയിലേക്ക് മാറ്റുകയായിരുന്നു. സുപ്രീംകോടതിയുടെ നിർദ്ദേശത്തിനു പിന്നാലെ മൂന്നു മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. വാഹനം ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ജയരാജനും രാജേഷും ചികിത്സ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ച് കൊലപാതക ഗൂഢാലോചന നടന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു.
സി.ബി.ഐ വന്ന വഴി
കേസിൽ തലശേരി സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം ഷുക്കൂറിന്റെ മാതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി. കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചനയെപ്പറ്റി ശരിയായ അന്വേഷണം നടന്നില്ലെന്ന് കണ്ടെത്തി ജസ്റ്റിസ് ബി. കെമാൽപാഷയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ഇതിനെതിരെ ജയരാജനും രാജേഷും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. തുടർന്ന് ജയരാജൻ സുപ്രീംകോടതിയെ സമീപിച്ചു.