കണ്ണൂർ: സിമന്റ് വിലവർധന കാരണം നിർമാണ മേഖലയിൽ മുന്നോട്ടുപോകാനാവില്ലെന്ന് ജില്ലാ ഇന്റർലോക്ക് ആൻഡ് ടൈൽസ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യാതൊരു കാരണവുമില്ലാതെ ഒരു ചാക്ക് സിമന്റിനു 50 രൂപ വർധിപ്പിച്ചു. വീണ്ടും 12 രൂപ വർധിപ്പിക്കാനാണു നീക്കം. കേരളത്തിൽ മാത്രമാണ് സിമന്റിന് അടിക്കടി വില വർധിപ്പിക്കുന്നത്. ഇക്കാരണത്താൽ വ്യവസായം എങ്ങനെ നടത്തിക്കൊണ്ടുപോകുമെന്ന് അറിയില്ല. ഇക്കാര്യത്തിൽ വ്യവസായ മന്ത്രിക്കു നിവേദനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ബാസിൽ ചാലാട്, കെ.പി .രമേശൻ, ഗുരു പദ്മനാഭൻ, നജീബ്, സുജിൻ ശിൽപി എന്നിവർ സംബന്ധിച്ചു.

ഷുഹൈബ് രക്തസാക്ഷിദിന അനുസ്മരണ പരിപാടി

കണ്ണൂർ: യൂത്ത് കോൺഗ്രസ് ലോക്‌സഭാ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷിദിന അനുസ്മരണ പരിപാടികൾ ഇന്നും നാളെയുമായി മട്ടന്നൂരിൽ നടക്കും. ഷുഹൈബിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ തെരൂർ പാലയോട് നിന്നു മട്ടന്നൂരിലേക്കു ഇന്നു യൂത്ത് കോൺഗ്രസ് ലോക്‌സഭാ ഭാരവാഹികൾ ദീപശിഖയും കൊടിമരവും പതാകജാഥയും കൊടിമരവും ശുഹൈബിന്റെ ഛായാചിത്രം വഹിച്ചുള്ള ജാഥയും നടത്തും. നാളെ വൈകിട്ട് 3.30ന് മട്ടന്നൂർ വിമാനത്താവള ജംഗ്ഷനിൽ നിന്നു നഗരത്തിലേക്കു യുവജനറാലി നടത്തും. തുടർന്നു മട്ടന്നൂർ ടൗണിൽ പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കർണാടക മന്ത്രി ഡി.കെ. ശിവകുമാർ, കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വി.ബി ശ്രീനിവാസ്, സെക്രട്ടറി ജെബി മേത്തർ, സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ്, ഡി.സി.സി അധ്യക്ഷൻ സതീശൻ പാച്ചേനി, എം.എൽ.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, റോജി എം. ജോൺ, വി.ടി ബൽറാം, കെ.എസ് ശബരീനാഥ്, കെ.സി ജോസഫ് എം.എൽ.എ, യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ചന്ദ്രൻ തില്ലങ്കേരി, റിജിൽ മാക്കുറ്റി, ജോഷി കണ്ടത്തിൽ, കെ. കമൽജിത്ത് എന്നിവർ സംബന്ധിച്ചു.

പൊങ്കാല ഉത്സവം

കണ്ണൂർ: കൊളശ്ശേരി ത്രയംബകം സ്വയംഭൂ ഗണപതി ദേവീ ക്ഷേത്രത്തിൽ 18 മുതൽ 20 വരെ പൊങ്കാല ഉത്സവം നടക്കും. 20നു പൊങ്കാലയിടുന്ന സ്ത്രീകൾ 18ന് കാപ്പ് ധരിച്ച് മൂന്നുനാൾ വ്രതാനുഷ്ഠാനമെടുക്കണം. പൊങ്കാലയിടാൻ മുൻകൂട്ടി ബുക്ക് ചെയ്യാം. വാർത്താസമ്മേളനത്തിൽ സി.കെ. ഷീബ, എ. പ്രണിത്, പി.കെ. സഹിജ, വി. വത്സല, പി. വനജ എന്നിവർ സംബന്ധിച്ചു.

സംസ്ഥാന ഇസ്‌ലാമിക് കലാമേള പതാക ജാഥകൾ ഇന്ന്

കണ്ണൂർ: 15 മുതൽ 17 വരെ തളിപ്പറമ്പ് പുഷ്പഗിരി ഒമാൻ നഗറിൽ നടക്കുന്ന ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ഇസ്‌ലാമിക് കലാമേളയുടെ കൊടിമര, പതാക ജാഥകൾ ഇന്നു പ്രയാണം നടത്തും. പതാകജാഥ ഇന്നുരാവിലെ 7.30ന് പെരിങ്ങത്തൂർ മഖാമിൽ നിന്നു പ്രയാണമാരംഭിച്ച് സയ്യിദ് നഗറിൽ സമാപിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ് ഇബ്രാഹിം മുസ്‌ലിയാർ പതാക ജാഥാ ക്യാപ്റ്റൻ മാണിയൂർ അബ്ദുറഹ്മാൻ ഫൈസിക്കു കൈമാറും. ജില്ലാ ജനറൽസെക്രട്ടറി അബ്ദുസമദ് മുട്ടം ക്യാപ്റ്റനായ കൊടിമര ജാഥ പുളിങ്ങോം മഖാം പരിസരത്ത് അലിയാർ തങ്ങൾ മണ്ണാർക്കാട് ഫ്ലാഗ് ഓഫ് ചെയ്യും. എസ്.കെ ഹംസ ഹാജി അധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, അബ്ദുസമദ് മുട്ടം, അബ്ദുൽഷുക്കൂർ ഫൈസി, നവാസ് ദാരിമി, അബ്ദുൽലത്തീഫ് എടവച്ചാൽ എന്നിവർ സംബന്ധിച്ചു.