കാഞ്ഞങ്ങാട്: മടിയനിൽ ബൈക്കും കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റതറിഞ്ഞ് ഓടിക്കൂടിയവരിലൊരാൾ പരിക്കേറ്റ ആളുടെ 40,000 രൂപ തട്ടിയെടുത്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അരമണിക്കൂറോളം കെ.എസ്.ടി.പി റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി. ഇതിനിടയിലാണ് അപകടത്തിൽ പെട്ട ഒരാളുടെ പണം നഷ്ടപ്പെട്ട പരാതി ലഭിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്ത് കരിമ്പ് ജ്യൂസ് വിൽപനനടത്തുന്ന ഉത്തർപ്രദേശ് സ്വദേശിയുടെ കരിമ്പ് ചണ്ടിമാറ്റിയിട്ട മാലിന്യ കൂമ്പാരത്തിൽ നിന്ന് ഇരുപത്തി മൂവായിരത്തിലധികം രൂപ കിട്ടി. ഇയാളെ ചോദ്യം ചെയ്തപ്പോൾ ബെയ്സ് എന്നയാളാണ് പണം ഏൽപിച്ചതെന്നു പറഞ്ഞു. അര മണിക്കൂറിനുള്ളിൽ യഥാർത്ഥ മോഷ്ടാവിനെ കിട്ടുകയും ചെയ്തു.