നീലേശ്വരം: സാമൂഹ്യവിരുദ്ധരുടെ പ്രലോഭനങ്ങൾക്കിരയായി ലഹരിയുടെ ലോകത്തേക്ക് വഴി തെറ്റി പോകുന്ന യുവജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നീലേശ്വരത്ത് ലഹരി മോചന ചികിത്സാ കേന്ദ്രം സജ്ജമായി. ലഹരിക്കെതിരേ എക്‌സൈസ് വകുപ്പ് ആവിഷ്‌കരിച്ച വിമുക്തി പദ്ധതിയുടെ ഭാഗമായാണ് നീലേശ്വരം താലൂക്കാശുപത്രിക്ക് സമീപം ഡീ അഡിക്ഷൻ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ലഹരി ഉപയോഗം യുവാക്കളിൽ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കൃത്യമായ ചികിത്സ നൽകി അവരെ ആരോഗ്യകരമായ സാമൂഹിക ജീവിതം നയിക്കാൻ പ്രാപ്തരാക്കുകയാണ് ചികിത്സാ കേന്ദ്രം കൊണ്ടുദ്ദേശിക്കുന്നത്. ചികിത്സാ കേന്ദ്രത്തിലെത്തുന്നവരെ പരിശോധിക്കാൻ ഔട്ട് പേഷ്യന്റ് (ഒ.പി) വിഭാഗം കഴിഞ്ഞ നവംബറിൽ തന്നെ ആരംഭിച്ചിരുന്നെങ്കിലും കിടത്തി ചികിത്സിക്കുന്നതിനായുള്ള ഐ.പി വിഭാഗം ഇപ്പോഴാണ് പൂർണ സജ്ജമായത്. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി ലഹരി മോചന ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്യുമെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും ഡിവിഷൻ ഓഫീസ് മാനേജറുമായ ജോയ് ജോസഫ് പറഞ്ഞു.

വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്രത്തിൽ

അഷ്ടബന്ധദ്രവ്യ കലശോത്സവം

നീലേശ്വരം: നീലേശ്വരം വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്ര അഷ്ടബന്ധദ്രവ്യ കലശോത്സവം 16 മുതൽ 21 വരെ നടക്കും. 15ന് രാവിലെ 9.30ന് തളിയിൽ നീലകണ്‌ഠേശ്വര ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. 16ന് വൈകീട്ട് അഞ്ചിന് ആചാര്യവരവേൽപ്, ആറിന് സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം, രാത്രി എട്ടിന് നടനസന്ധ്യ. 17ന് രാവിലെ ആറുമുതൽ പൂജാകർമങ്ങൾ, വൈകീട്ട് ആറിന് ആധ്യാത്മിക പ്രഭാഷണം, രാത്രി എട്ടിന് ഗാനമേള. 18ന് വൈകീട്ട് ആറിന് കലാസന്ധ്യ, രാത്രി എട്ടിന് വിൽകലാമേള 'പാലെന്തായി കണ്ണൻ'. 19ന് രാവിലെ ആറുമുതൽ പൂജാകർമങ്ങൾ, വൈകീട്ട് ആറിന് മെഗാകാലവിരുന്ന്, രാത്രി എട്ടിന് നാടകം 'ശ്രീമഹാശക്തി'. 20ന് വൈകീട്ട് ആറിന് നാട്ടറിവ് പാട്ടുകൾ. 21ന് രാവിലെ 6.53 മുതൽ 8.09 വരെ ദേവീപ്രതിഷ്ഠ, തുടർന്ന് ഉത്സവം. എല്ലാദിവസവും ഉച്ചയ്ക്ക് അന്നദാനമുണ്ടാകുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘാടക സമിതി ചെയർമാൻ കെ.സി. മാനവർമരാജ, ജനറൽ കൺവീനർ ഇ. അനിൽകുമാർ, എം. പ്രഭാകരൻ, ചന്ദ്രൻ നവോദയ, കെ. ബാലൻ, എം. നാരായണൻ, ഇ. വിജയകുമാർ എന്നിവർ പങ്കെടുത്തു.