തൃക്കരിപ്പൂർ: വലിയപറമ്പ ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായി സർവ്വീസ് നടത്തിയിരുന്ന ജലഗതാഗത വകുപ്പിന്റെ സ്റ്റീൽ ബോട്ട് പറശ്ശിനിക്കടവിലേക്ക് മാറ്റാൻ ഉത്തരവ്. കവ്വായി കായലിൽ കൊറ്റി - കോട്ടപ്പുറം നാവിഗേഷൻ റൂട്ടിൽ സർവീസ് നടത്തിയിരുന്ന എസ് 19 സ്റ്റീൽ ബോട്ടാണ് പറശ്ശിനിക്കടവിലേക്ക് പുതിയ സർവീസിനായി കൊണ്ടുപോകുന്നത്. ഇതിന്റെ ഉദ്ഘാടനം 18 നു പറശ്ശിനിക്കടവിൽ നടക്കുമെന്നു സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി പറഞ്ഞു.

അറ്റകുറ്റപ്പണിക്കായി കരയിൽ കയറ്റിയിരുന്ന ഈ ബോട്ട് പണി പൂർത്തിയാക്കി വീണ്ടും കവ്വായി കായലിൽ സർവീസ് നടത്താനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ബോട്ടിനെ കണ്ണൂർ ജില്ലയിലേക്ക് സ്ഥലം മാറ്റിയത്.

തീരദേശങ്ങളിലെ ജനങ്ങളുടെ യാത്രാദുരിതം കണക്കിലെടുത്ത് നാലു ബോട്ടുകളാണ് ഈ ജലപാതയിൽ പ്രാരംഭ സമയത്ത് ഓടിച്ചിരുന്നത്. പിന്നീട് മൂന്നായി ചുരുങ്ങി. നിലവിൽ ഒരു ബോട്ട് മാത്രമാണ് സർവീസ് നടത്തുന്നത്. എ 61, എ 62 എന്നിവയാണ് മറ്റുള്ളവ. .എന്നാൽ ഇതിൽ ഒരു ബോട്ട് കരയിൽ കയറ്റി റിപ്പയർ തടുങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയായിട്ടില്ല.

കായലിൽ മണൽ തിട്ട രൂപപ്പെട്ടത് സ്റ്റീൽ ബോട്ടിന്റെ സർവ്വീസിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ജീവനക്കാരുടെ പരാതിയാണ് കാസർകോട് ജില്ലയിൽ നിന്നും സ്റ്റിൽ ബോട്ടിനെ കണ്ണൂരിലേക്ക് കൊണ്ടുപോയതെന്നാണ് വിശദീകരണം. എന്നാൽ പ്രദേശത്തിന്റെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണാതെ, ഇവിടുത്തെ സർവീസ് വെട്ടിക്കുറച്ചുകൊണ്ട് സ്റ്റീൽബോട്ടിനെ മറ്റൊരു കടവിലേക്ക് മാറ്റുന്നതിനെതിരെ വലിയപറമ്പ തീരങ്ങളിലെ ജനങ്ങളിൽ നിന്നും ശക്തമായ ജനരോഷം ഉയർന്നിട്ടുണ്ട്. പകരം സംവിധാനം ഉണ്ടാക്കാതെ ബോട്ട് പറശ്ശിനിക്കടവിലേക്ക് മാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് പൊതുജനം.