തലശേരി: വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഒമ്പതര പവൻ ആഭരണങ്ങൾ കാണാതായെന്ന് പരാതി. അഞ്ചാംമൈൽ തരുവണത്തെരുവിലെ ഇ. വിജയനാണ് കതിരൂർ പൊലീസിൽ പരാതി നൽകിയത്. രണ്ടിന് വിവാഹത്തിന് പോയി മടങ്ങിയെത്തിയ ശേഷമാണ് മോഷണ വിവരം അറിയുന്നത്.

പിക്കപ്പ് ജീപ്പ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

കൊട്ടിയൂർ: നീണ്ടുനോക്കിയിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. നീണ്ടുനോക്കി കുഴക്കൽ ജംഗ്ഷനിലെ കയറ്റം കയറുന്നതിനിടെ ജീപ്പിന്റെ നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിലേക്ക് പതിച്ചാണ് അപകടം. ഇതര സംസ്ഥാനക്കാരുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ചുങ്കക്കുന്നിലും പേരാവൂരിലുമുള്ള ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അപകടം. കണ്ണന്താനം കൺസ്ട്രക്ഷഷൻസിന്റേതാണ് പിക്കപ്പ് ജീപ്പ്.

ബോധവത്ക്കരണ ക്ലാസ്

കൊട്ടിയൂർ: ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വനിതാവേദി, ബാലവേദി, യുവജനവേദി പ്രവർത്തകർക്കായി പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ ബോധവത്ക്കരണ ക്ലാസ് നടത്തി. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.എ. രാജപ്പൻ, സെക്രട്ടറി ഇ.എൻ. രാജേന്ദ്രൻ, വനിതാവേദി പ്രസിഡന്റ് വത്സ ചന്ദ്രൻ, ജയ ബിജു, ലൈബ്രേറിയൻ ഷീന എന്നിവർ നേതൃത്വം നൽകി. 'ഇനി ഞാൻ പ്ലാസ്റ്റിക് കത്തിക്കില്ല' എന്ന്എല്ലാവരും എഴുതി ഒപ്പിട്ട് ഭാരവാഹികൾക്ക് കൈമാറി.

ക്ഷേത്ര ആചാര അനുഷ്ഠാന സംരക്ഷണ സമിതി യോഗം

പേരാവൂർ: ക്ഷേത്ര ആചാര അനുഷ്ഠാന സംരക്ഷണ സമിതി പ്രതിമാസ മേഖലായോഗം മണത്തണ കരിമ്പനക്കൽ ചാത്തോത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്ത് നടന്നു. ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന്, മാലൂർ, കോളയാട് പഞ്ചായത്തുകളിലെ ക്ഷേത്രങ്ങൾ, കാവുകൾ മറ്റ് ആരാധനാലയങ്ങൾ എന്നിവയെ കോർത്തിണക്കിയാണ് സംരക്ഷണ സമിതി രൂപീകരിച്ചത്. ഡോ. വി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാൽ, കെ. സുരേഷ് ബാബു, പി.എസ്. മോഹനൻ, വി.കെ. രവീന്ദ്രൻ, കെ.സി. ബാലൻ നായർ, എ. ദാമോദരൻ നായർ, ബാലൻ സ്വാമി, നാമത്ത് സുനിൽകുമാർ, നാമത്ത് ശ്രീധരൻ നായർ, സി. ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു. കുടുംബ സങ്കല്പം, ആദ്ധ്യാധ്യാത്മികതയും നവോത്ഥാനവും എന്നീ വിഷയങ്ങളിൽ പ്രഭാഷണവും നടന്നു.

പേരാവൂർ മണത്തണ റോഡിൽ ഗതാഗത നിയന്ത്രണം

പേരാവൂർ: മണത്തണ റോഡിന്റെ അവസാനഘട്ട മെക്കാഡം ടാറിംഗ് പ്രവൃത്തി ആരംഭിച്ചതിനാൽ മണത്തണ പേരാവൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പേരാവൂരിൽ നിന്ന് മണത്തണയിലേക്ക് പോവുന്ന വാഹനങ്ങൾ തുണ്ടി ജിമ്മി ജോർജ്ജ് റോഡ് വഴി തിരിഞ്ഞ് പോകണമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു.