കാസർകോട്: ബാങ്ക് ജീവനക്കാരിയെ അസഭ്യം പറഞ്ഞ് മാനസികമായി പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവായ ബാങ്ക് ജീവനക്കാരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ കാസർകോട് ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ നിയോജക മണ്ഡലം പ്രസിഡന്റും മുട്ടത്തോടി സർവീസ് സഹകരണ ബാങ്കിലെ ജൂനിയർ ക്ലർക്കുമായ സുധീഷ് നമ്പ്യാർക്കെതിരെയാണ് സഹപ്രവർത്തക പരാതി നൽകിയത്. സുധീഷിനെ സംരക്ഷിക്കുന്നതിന് പകരം ഇയാളെ പുറത്താക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ കാസർകോട് ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.
നിർമ്മാണ വസ്തുക്കളുടെ വിലവർധന തടയണം
തൃക്കരിപ്പൂർ: സിമെന്റ്, കമ്പി തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം നിർമ്മാണ മേഖല സ്തംഭിപ്പിക്കുന്ന അവസ്ഥയാണെന്നും, സർക്കാർവിപണിയിൽ ഇടപെട്ട് പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും ലോക് താന്ത്രിക് ജനതാദൾ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പതിനേഴാം തീയ്യതി നടക്കുന്ന എൽ.ഡി.എഫ് വടക്കൻ മേഖല ജാഥ വിജയിപ്പിക്കാൻ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനമായി. മണ്ഡലം പ്രസിഡന്റ് പി.സി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.വി ബാലകൃഷ്ണൻ, കെ. കരുണാകരൻ മേസ്ത്രി, ടി.വി നാരായണൻ, ടി. അജിത, ഗീതാരമേശൻ, എം. മുകുന്ദൻ സംസാരിച്ചു. ഇ. ചന്ദ്രൻ സ്വാഗതവും വി.വി വിജയൻ നന്ദിയും പറഞ്ഞു.
അനുശോചിച്ചു
ചെറുവത്തൂർ: കൊടക്കാട് കേളപ്പജി എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ ആദ്യകാല മെമ്പറായ ടി വി കോരന്റെ നിര്യാണത്തിൽ,സെന്റർ എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ടി.വി രാഘവൻ അധ്യക്ഷത വഹിച്ചു. പത്താനത്ത് കൃഷ്ണൻ, അശ്വനി കുമാർ, പ്രമോദ് മയ്യിച്ച, കുഞ്ഞിക്കണ്ണൻ മാടായി സംസാരിച്ചു.
സാമൂഹ്യവിരുദ്ധർ സ്കൂളിനു തീയിട്ടു
ചെറുവത്തൂർ: സ്‌കൂൾ ക്ലാസ് മുറിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ലാസ് മുറിയിൽ തീയിട്ടതിനെതുടർന്ന് പുസ്തകങ്ങളും അലമാരയും കത്തി നശിച്ചു. ചെറുവത്തൂർ കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നെല്ലിക്കാൽ ഭഗവതി ക്ഷേത്ര പരിസരത്തെ യു.പി വിഭാഗത്തിലെ ആറാം ക്ലാസിലാണ് തീയിട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. ഇന്നലെ രാവിലെ സ്‌കൂൾ തുറന്നപ്പോഴാണ് സംഭവം അറിഞ്ഞത്. ക്ലാസ് മുറിയുടെ ജനൽഗ്ലാസ് തകർത്താണ് തീയിട്ടത്. കുട്ടികളുടെ പ്രോജക്ട് റിപ്പോർട്ട്, പുസ്തകങ്ങൾ തുടങ്ങിയവ സൂക്ഷിച്ചിരുന്ന അലമാര കത്തിനശിച്ചു. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.