ഇരിട്ടി: കൂട്ടുപുഴ പാലം പണി തടസപ്പെട്ട് ഒരു വർഷം പിന്നിട്ടതോടെ പ്രതിസന്ധി പരിഹരിക്കാനായി കർണ്ണാടക വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മടിക്കേരി അസി. കൺസർവേറ്റർ ഓഫ്‌ ഫോറസ്റ്റർ ഡി.എസ്. സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. മാക്കൂട്ടം വനമേഖലയോട്‌ ചേർന്ന ഭാഗത്ത് നിർമ്മിക്കേണ്ട അളവുകൾ രേഖപ്പെടുത്തി. ഇവർ തയാറാക്കിയ റിപ്പോർട്ട് ഉടൻ കർണ്ണാടക ചീഫ്‌ ഫോറസ്റ്റ് കൺസർവേറ്റർക്ക് കൈമാറും.

തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഏഴ് പാലങ്ങളിൽ ഒന്നായാണ് കൂട്ടുപുഴ പാലം പരിഗണിച്ചിരുന്നത്. എന്നാൽ പണി പകുതിയായതോടെ കർണ്ണാടക വനം വകുപ്പ് ഉടക്കിടുകയായിരുന്നു. പാലത്തിന്റെ തൂൺ തങ്ങളുടെ അധീനതയിൽ പെട്ട റിസർവ്‌ ഫോറസ്റ്റിലാണെന്നായിരുന്നു ഇവരുടെ വാദം. ഇതോടെ ഒരു വർഷത്തിലേറെയായി പണി മുടങ്ങിക്കിടക്കുകയായിരുന്നു.
ഇരു സംസ്ഥാനത്തെ ഉദ്യോഗസ്ഥ തല ചർച്ചകൾ പലതവണ നടന്നെങ്കിലും പരിഹാരം കണ്ടെത്താനായില്ല. ഒരാഴ്ച മുമ്പ് സണ്ണിജോസഫ് എം.എൽ.എയും കെ.എസ്.ടി.പി പ്രോജക്ട് മാനേജരും ഉൾപ്പെട്ട സംഘം കർണ്ണാടക പ്രിൻസിപ്പൽ കൺസർവേറ്റർ ഉൾപ്പെട്ട സംഘവുമായി ചർച്ച നടത്തി. കർണ്ണാടക റവന്യൂ വകുപ്പിന്റെ കൈവശമുള്ള അതിർത്തി നിർണയ രേഖയും പാലം നിർമ്മാണത്തിന് അനുമതി തേടിയുള്ള കത്തും ഇവർക്ക് നൽകി. ഇതിന് പിന്നാലെയാണ് പുതിയ ഇടപെടൽ.

കർണ്ണാടക വനമേഖലയോട്‌ ചേർന്ന ഭാഗം കേരളത്തിന്റെ റവന്യൂ ഭൂമിയാണെന്ന രേഖകൾ ഉണ്ടെന്നിരിക്കെ ഇത് സമ്മതിക്കാൻ കർണ്ണാടക സമ്മതിക്കാത്തതാണ് പ്രശ്‌നത്തിനിടയാക്കിയത്. പുഴയാണ് അതിർത്തി എന്നായിരുന്നു ഇവരുടെ വാദം. ഇതിൽ കർണ്ണാടക വനം വകുപ്പ് ഉറച്ചു നിന്നതോടെയാണ് അതിർത്തി നിർണ്ണയരേഖ എം.എൽ.എ സമർപ്പിച്ചത്. പരിശോധനയിൽ പ്രതീക്ഷയുണ്ടെന്ന് എം.എൽ.എ പറഞ്ഞു. മാക്കൂട്ടം റേഞ്ചർ എം. കേശവ്, കെ.എസ്.ടി.പി പ്രൊജക്ട് മാനേജർ ശ്രീരാഗ്, വീരാജ്‌പേട്ട ബെട്ടോളി പഞ്ചായത്തംഗം കെ.കെ. ഉമ്മർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.