കണ്ണൂർ: മേലെ ചൊവ്വയിൽ നിർമ്മിക്കുന്ന അണ്ടർപാസ് യാത്രക്കാർക്ക് കുരുക്കായി മാറുമെന്ന ആശങ്ക യിൽ വ്യാപാരികളും നാട്ടുകാരും എതിർപ്പുമായി രംഗത്ത്. ചൊവ്വ ധർമ്മ സമാജം യു.പി സ്കൂൾ മുതൽ നന്തിലത്ത് ബിൽഡിംഗ് വരെ 325 മീറ്റർ നീളത്തിലാണ് അണ്ടർ പാസ് നിർമ്മിക്കുന്നത്.ഇതിനായി സർവ്വെ പൂർത്തിയാക്കി കല്ല് നാട്ടി കഴിഞ്ഞു.
രണ്ട് മാസം മുമ്പാണ് 28 കോടിയുടെ പദ്ധതി സംബന്ധിച്ചുള്ള പ്രഖ്യാപനം നടന്നത്. ആറര മീറ്റർ അഴത്തിലും ഒമ്പത് മീറ്റർ വീതിയിലുമാണ് അണ്ടർ പാസ് .മേലെ ചൊവ്വ രണ്ട് പ്രദേശങ്ങളായി വിഭജിക്കപ്പെടുമെന്നും രൂക്ഷമായ വെള്ളക്കെട്ട് കാരണം മഴക്കാലത്ത് അണ്ടർപാസ് അടച്ചിടേണ്ടിവരുമെന്നും നാട്ടുകാർ പറയുന്നു.
കണ്ണൂർ -തലശേരി വാഹനങ്ങൾ അണ്ടർ പാസിന് താഴെയും മട്ടന്നൂർ കണ്ണൂർ ബസ്സുകൾ മുകളിൽ കൂടിയുമാണ് ഇതുവഴി കടന്നു പോകേണ്ടത്.അണ്ടർപാസ്സ് ആരംഭിക്കുന്ന ധർമ്മ സമാജം യു.പി സ്കൂൾ റോഡ് വളരെ വീതി കുറഞ്ഞതാണ് .മൂന്നിലധികം വാഹനങ്ങൾക്ക് ഈ റോഡിലൂടെ ഒരുമിച്ച് പോകാനും സാധിക്കില്ല.
പദ്ധതി ആരംഭിക്കാൻ പോകുന്നിടത്ത് നിന്നും രണ്ട് കിലോ മീറ്റർ താഴെ ബൈപ്പാസ് വരാനിരിക്കെയാണ് അണ്ടർ പാസ്സ് നിർമ്മാണ നടപടികളുമായി അധികൃതർ മുന്നോട്ടു പോകുന്നതെന്നും പദ്ധതിയെ എതിർക്കുന്നവർ പറയുന്നു.താഴെ ചൊവ്വ പാലം വന്നതിനുശേഷം ഗതാഗത കരുക്കിന് വലിയ പരിഹാരമായതിനാൽ അണ്ടർ പാസ് കൊണ്ട് പ്രത്യേക പ്രയോജനമില്ലെന്നും ഇവർ പറയുന്നു.ബൈപാസ് കൂടി പൂർത്തിയായാൽ ഗതാഗതകുരുക്ക് പൂർണമായി പരിഹരിക്കപ്പെടുമെന്നും ഇവർ പറയുന്നു.പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ മുഖ്യമന്ത്രിക്കും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കും നിവേദനം നൽകിയിട്ടുണ്ട്.
തികച്ചും ഉപയോഗപ്രദമല്ലാത്ത ഒരു പദ്ധതിയാണ് അണ്ടർ പാസ് നിർമ്മാണം.28 കോടി ചെലവിൽ നിർമ്മിക്കാൻ പോകുന്ന പദ്ധതി എത്രത്തോളം നാടിന് ഉപകാരപ്രദമാകുന്നുവെന്നു കൂടി ചിന്തിക്കണം.70 ഒാളം കടകൾ പൊളിച്ച് മാറ്റി വേണം അണ്ടർപാസ് നിർമ്മിക്കാൻ.മഴക്കാലത്ത് വെള്ളക്കെട്ട് പോലുള്ള രൂക്ഷ പ്രതിസന്ധികളും മുന്നിൽ കാണേണ്ടതുണ്ട്.
സി.മോഹനൻ,പ്രദേശവാസി, മേലെ ചൊവ്വ