കണ്ണൂർ എം. എസ്. എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ,​ ടി.വി. രാജേഷ് എം. എൽ. എ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി സി.ബി. ഐ നൽകിയ കുറ്റപത്രം നാളെ തലശേരി സെഷൻസ് കോടതി പരിഗണിക്കും. കേസിനെ നിയമപരമായി നേരിടാൻ തന്നെയാണ് സി.പി. എം നീക്കം.

ലോക്കൽ പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിനു മുകളിൽ പകർപ്പവകാശം സി.ബി. ഐ എന്നെഴുതുക മാത്രമാണ് പുതിയ അന്വേഷണ സംഘം ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ പറഞ്ഞു. നേരത്തെ കുറ്റപത്രം നൽകിയ ശേഷം പുതുതായി ഒരു സാക്ഷി മൊഴിയോ സാഹചര്യതെളിവോ ഇല്ലാതെ പുതിയ വകുപ്പുകൾ ചേർത്തതിനു പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് പകൽ പോലെ സത്യമാണെന്നും വിശ്വൻ പറയുന്നു.

കൊലപാതകം നടക്കുന്ന വിവരം അറിഞ്ഞിട്ടും തടഞ്ഞില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നുമുള്ള കുറ്റം ചുമത്തിയാണ് കേരള പൊലീസ് പി. ജയരാജനെയും ടി.വി രാജേഷിനെയും ഷുക്കൂർ വധക്കേസിൽ പ്രതിചേർത്തത്. തടഞ്ഞുവച്ചവരെ കൈകാര്യം ചെയ്യണമെന്ന് പ്രതികൾ ഫോണിൽ നിർദേശിക്കുന്നത് പി. ജയരാജനും ടി.വി. രാജേഷും കേട്ടിരുന്നുവെന്ന രണ്ടു മുസ്ലിംലീഗ് പ്രവർത്തകരുടെ സാക്ഷിമൊഴി കണക്കിലെടുത്തായിരുന്നു നടപടി.

ഷുക്കൂറിന്റെ ഉമ്മയുടെ ഹർജിയെ തുടർന്ന് കൂടുതൽ തെളിവ് ശേഖരിക്കുന്നതിനും ഗൂഢാലോചന സംബന്ധിച്ച് വിശദമായി അന്വേഷിക്കുന്നതിനുമാണ് ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിട്ടത്. പക്ഷേ, കേരള പൊലീസ് അന്വേഷിച്ചതിൽ കൂടുതലൊന്നും കണ്ടെത്താൻ സി.ബി. ഐക്ക് കഴിഞ്ഞിട്ടില്ലെന്നും വിശ്വൻ പറയുന്നു. ജയരാജനും രാജേഷിനുമെതിരെ ഇപ്പോൾ ചുമത്തിയ ഗൂഢാലോചനക്കുറ്റവും നിലനിൽക്കില്ലെന്ന് അഡ്വ. വിശ്വൻ പറയുന്നു. കുറ്റപത്രത്തിൽ സി.ബി.ഐ അവതരിപ്പിച്ച സാക്ഷിമൊഴികളൊന്നും ഗൂഢാലോചനാ വാദം തെളിയിക്കാൻ പര്യാപ്തമല്ല. ജയരാജനും രാജേഷും ഒന്നിച്ച് കണ്ട് സംസാരിക്കുന്നത് കേട്ടതായി ഒരു സാക്ഷി മൊഴിയുമില്ല. സാക്ഷികൾ ലോക്കൽ പൊലീസിനു നൽകിയ മൊഴിയിൽനിന്നടക്കം പിന്നോട്ടുപോയി. നേരത്തെയുള്ള മൊഴിപ്രകാരം ഐ.പി.സി നൂറ്റിപതിനെട്ടാം വകുപ്പ് മാത്രമെ നിലനിൽക്കുകയുള്ളുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ആ വകുപ്പ് നിലനിൽക്കില്ലെന്ന നിഗമനത്തിലാണ് സി.ബി.ഐ എത്തിയത്. പ്രതിചേർത്തതുതന്നെ തെറ്റാണെന്ന് വ്യക്തമാക്കുന്നതാണിത്. സാക്ഷിമൊഴികൾ, അതേപടി പകർത്തിയെഴുതി 120 ബി വകുപ്പ് ചേർക്കുക മാത്രമാണ്‌ ചെയ്തതെന്നും അഡ്വ.കെ.വിശ്വൻ പറഞ്ഞു.